സമയത്തര്‍ക്കം: : മാരകായുധങ്ങളുമായി ബസ് ജീവനക്കാര്‍ ഏറ്റുമുട്ടി
1539481
Friday, April 4, 2025 5:10 AM IST
കൊച്ചി: സമയക്രമത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഇടപ്പള്ളിയില്‍ ബസ് ജീവനക്കാര്‍ മാരകായുധങ്ങളുമായി ഏറ്റുമുട്ടി. ബുധനാഴ്ച രാവിലെ ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപമായിരുന്നു സംഭവം. തേവരയില്‍നിന്ന് എന്‍എഡി വഴി ആലുവയ്ക്ക് സര്‍വീസ് നടത്തുന്ന കിസ്മത്ത് ബസിലെ ജീവനക്കാരും എറണാകുളം-പറവൂര്‍ റൂട്ടില്‍ ഓടുന്ന പുളിക്കല്‍ ബസിലെ ജീവനക്കാരുമാണ് വാക്കത്തിയും ഇരുമ്പുവടിയുമായി ഏറ്റുമുട്ടിയത്.
കലൂര്‍ മുതല്‍ ഇരുബസിലെയും ജീവനക്കാര്‍ തര്‍ക്കമുണ്ടായി. പാലാരിവട്ടത്ത് എത്തിയപ്പോള്‍ പുളിക്കല്‍ ബസ് കിസ്മത്ത് ബസിനെ ഉരസി ആദ്യം കടന്നുപോയി. ഇടപ്പള്ളിയില്‍ ആദ്യം എത്തേണ്ട കിസ്മത്ത് ബസ് എത്തിയപ്പോള്‍ പുളിക്കല്‍ ബസ് യാത്രക്കാരെ കയറ്റുകയായിരുന്നു.
ഇതോടെ കിസ്മത്ത് ബസിലെ ജീവനക്കാര്‍ ആയുധങ്ങളുമായി പുളിക്കല്‍ ബസിന്റെ പിന്‍വശത്തെ ഗ്ലാസ് അടിച്ചുപൊട്ടിച്ചു. വാക്കത്തി ഉപയോഗിച്ച് ജീവനക്കാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും യാത്രക്കാര്‍ പറഞ്ഞു.
പുളിക്കല്‍ ബസിലെ ജീവനക്കാരുടെ പരാതിയില്‍ എളമക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കിസ്മത്ത് ബസിലെ മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ബസ് പോലീസ് പിടിച്ചെടുത്തു.