ആലുവ റെയിൽവേ മേൽപ്പാലം അറ്റകുറ്റപ്പണി നടത്തി ഉടൻ തുറക്കണമെന്ന് ആലുവ നഗരസഭ
1539771
Saturday, April 5, 2025 4:24 AM IST
ആലുവ: അഞ്ച് മാസമായി അടച്ചിട്ടിരിക്കുന്ന ആലുവയിലെ റെയിൽവേ മേൽ നടപ്പാലം അറ്റകുറ്റപ്പണി നടത്തി തുറന്നുകൊടുക്കണമെന്ന് ആലുവ നഗരസഭ ആവശ്യപ്പെട്ടു. ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ.ജോണിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ഡോ.മനീഷ് തപ്ലിയാന് നിവേദനം നൽകിയാണ് പ്രതിഷേധം അറിയിച്ചത്.
മുനിസിപ്പൽ കൗൺസിലിൻ്റെ തീരുമാനപ്രകാരം രൂപീകരിച്ച സബ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. ഉപാധ്യക്ഷ സൈജി ജോളി, പ്രതിപക്ഷ പ്രതിനിധി മിനി ബൈജു എന്നിവരും നിവേദനസംഘത്തിൽ ഉണ്ടായിരുന്നു. വരുന്ന ചൊവ്വാഴ്ച തീരുമാനങ്ങൾ അറിയിച്ചില്ലെങ്കിൽ പ്രക്ഷോഭപരിപാടികളിലേക്ക് ആലുവ നഗരസഭ കടക്കുമെന്ന് റെയിൽവേ ഡിവിഷണൽ മാനേജരെ നഗരസഭ ചെയർമാൻ അറിയിച്ചു.
നവംബറിൽ മുന്നറിയിപ്പില്ലാതെ മേൽ നടപ്പാലം അടച്ചപ്പോൾ ഒരു മാസത്തിനുള്ളിൽ അറ്റകുറ്റപ്പണി നടത്തി തുറക്കുമെന്നാണ് ആദ്യം അറിയിച്ചത്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതിനെതിരെ പ്രതിഷേധം ശക്തമായപ്പോൾ മാർച്ച് 31നകം അറ്റകുറ്റപ്പണി പൂർത്തീകരിച്ച് തുറക്കുമെന്ന് റെയിൽവേ രേഖാമൂലം നഗരസഭയെ അറിയിച്ചെങ്കിലും നിരാശയായി ഫലം.
അടച്ചു പൂട്ടിയ റെയിൽവേ മേൽപ്പാലത്തിൻെറ അറ്റകുറ്റപ്പണി വേഗം നടക്കണമെങ്കിൽ ആലുവ നഗരസഭ ചെലവ് വഹിക്കണമെന്നാണ് റെയിൽവേ പൊതുമരാമത്ത് വിഭാഗം പറയുന്നത്. റെയിൽവേ ചെലവ് വഹിക്കുകയാണെങ്കിൽ സ്വാഭാവികമായ കാലതാമസം ഉണ്ടാകുമെന്നാണ് അധികൃതരുടെ നിലപാട്.