മാലിന്യം നിക്ഷേപിച്ച സ്ഥലം പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു
1539478
Friday, April 4, 2025 5:10 AM IST
മൂവാറ്റുപുഴ: മാലിന്യ നിക്ഷേപം പതിവായ മൂവാറ്റുപുഴ സിവിൽ സ്റ്റേഷൻ പരിസരത്ത് വാർഡംഗത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ സന്ദർശനം നടത്തി. ഇരുവശങ്ങളിലും മാലിന്യം കുന്നുകൂടിയ സിവിൽ സ്റ്റേഷൻ പള്ളിപ്പടി റോഡിലാണ് വാർഡംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വിജി പ്രഭാകരൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ. വികാസ്, അസിസ്റ്റന്റ് സെക്രട്ടറി രഘുനാഥ് എന്നിവർ ചേർന്ന് സന്ദർശനം നടത്തിയത്.
പായിപ്ര പഞ്ചായത്ത് 15-ാം വാർഡിന്റെ പരിധിയിൽ വരുന്ന പ്രദേശത്ത് അലക്ഷ്യമായി മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരുന്നു. പഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള ഇത്തരം പ്രവർത്തികൾ അപലപനീയമാണെന്നും അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധയിൽ മേൽവിലാസങ്ങൾ ലഭിച്ചിട്ടുണ്ടെന്നും തുടർ നടപടി സ്വീകരിക്കുമെന്നും വിജി പ്രഭാകരൻ പറഞ്ഞു.
മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനത്തിന്റെ ഭാഗമായി എല്ലാ വാർഡുകളിലും, വീടുകളിലും ശുചീകരണ പ്രവർത്തനങ്ങളും, മറ്റ് നടപടി ക്രമങ്ങളും പൂർത്തീകരിച്ച സാഹചര്യത്തിലെ ഇത്തരം പ്രവർത്തികൾ പ്രഖ്യാപനത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയവർക്കെതിരെ പിഴ ഈടാക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.