അശമന്നൂരിൽ ഭരണസമിതിയുടെ അലംഭാവം മൂലം ധനകാര്യ സ്ഥിരംസമിതി തെരഞ്ഞെടുപ്പ് മാറ്റിവച്ചു
1539446
Friday, April 4, 2025 4:25 AM IST
നോട്ടീസ് നൽകിയത് യോഗത്തിന് ഒരു ദിവസം മുന്പ്
പെരുമ്പാവൂർ: അശമന്നൂർ പഞ്ചായത്തിലെ ധനകാര്യ സ്ഥിരം സമിതിയിലേക്കുള്ള അംഗത്തിനായുള്ള തെരഞ്ഞെടുപ്പ് ഭരണസമിതിയുടെ അലംഭാവം മൂലം വരണാധികാരി മാറ്റിവച്ചു.
അശമന്നൂർ ഗ്രാമപഞ്ചായത്ത് ധനകാര്യ സ്ഥിരംസമിതി അംഗത്തിന്റെ ഒഴിവു നികത്തുന്നതിന് വേണ്ടി അശമന്നൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഇന്നലെ വിളിച്ചുചേർത്ത യോഗം ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് വരണാധികാരി കെ.ജി. ജാൻസി മാറ്റിവക്കുകയായിരുന്നു.
ഗ്രാമപഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗത്തിന്റെ ഒഴിവ് നികത്തുന്നതിന് വരണാധികാരി മെമ്പർമാർക്ക് അയച്ച കത്ത് മാർച്ച് 28നകം മെമ്പർമാർക്ക് നൽകേണ്ടതാണെന്ന് നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഗ്രാമപഞ്ചായത്ത് മെമ്പർമാർക്ക് ഏപ്രിൽ രണ്ടിനാണ് ഇത് സംബന്ധിച്ച് കത്ത് പഞ്ചായത്ത് ഉദ്യോഗസ്ഥർ കൈമാറിയത്. കത്ത് സമയത്തു കൈമാറുന്നതിൽ ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിക്കുകയായിരുന്നു.
യോഗം നടക്കുന്ന ദിവസത്തിന് ഒരു ദിവസം മുമ്പ് മാത്രം നോട്ടീസ് നൽകിയതിൽ പ്രതിപക്ഷ മെമ്പർമാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിപക്ഷ ആരോപണം സത്യമാണെന്ന് ബോധ്യപ്പെട്ട വരണാധികാരി റീസർവെ അസിസ്റ്റന്റ് ഡയറക്ടർ കെ.ജി. ജാൻസി തെരഞ്ഞെടുപ്പ് നടപടികൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുന്നതായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.