ഓട്ടിസം ദിനാചരണം : സഹൃദയയുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തി
1539136
Thursday, April 3, 2025 4:03 AM IST
കൊച്ചി: ഓട്ടിസം ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെയും ഇന്‍ക്ലൂസിസ് ഓര്‍ഗ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
തുറവൂര്‍ സാന്‍ജോ സദന്, കൂനമ്മാവ് സെന്റ് ജോസഫ് ഫാത്തിമ, കിടങ്ങൂര്‍ സെന്റ് അല്‍ഫോന്‍സ, ചാലക്കുടി ശാന്തിഭവന് എന്നീ ഇന്‍ക്ലൂസിസ് ഐടി സ്കില്ലിംഗ് സെന്ററുകളിലെ വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കുമായാണ് പരിപാടി സംഘടിപ്പിച്ചത്.
ആലുവ മെട്രോ സ്റ്റേഷനില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ കുട്ടികളെ സന്ദര്‍ശിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ ഓട്ടിസം ദിന ബോധവത്കരണ സന്ദേശം നല്കി. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് കുട്ടികളുടെ വാട്ടര്‍ മെട്രോ യാത്രയ്ക്ക് ആശംസകള്‍ നേര്‍ന്നു. വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജ്, കൗണ്‍സിലര്‍മാരായ ഷാരോണ്‍ പനക്കല്‍, ദീപു കുഞ്ഞുകുട്ടി, സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിബിന് മനയമ്പിള്ളി എന്നിവര്‍ സംസാരിച്ചു.
ആലുവ മെട്രോ സ്റ്റേഷനില്‍ നിന്നും വൈറ്റില മെട്രോ സ്റ്റേഷനിലേക്ക് ട്രെയിനിലും, മറൈന്‍ഡ്രൈവില്‍ നിന്നും ഫോര്‍ട്ട് കൊച്ചിയിലേക്ക് വാട്ടര്‍ മെട്രോയിലും യാത്ര നടത്തി. തുടര്‍ന്ന് കുട്ടികളുമായി എറണാകുളം പോലീസ് കമ്മീഷണര്‍ ഓഫീസ് സന്ദര്‍ശിച്ചു. ഇന്‍സ്പെക്ടര്‍ ജനറല്‍ പദം സിംഗ് ഓട്ടിസം ബോധവത്കരണ ദിനാചാരണത്തിന്റെ ആശംസകള്‍ നേരുകയും കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ലുലുമാള്‍ സന്ദര്‍ശിച്ചു കൊണ്ട് ബോധവത്കരണ പരിപാടികള്‍ സമാപിച്ചു. സഹൃദയ ഇന്‍ക്ലൂസിസ് സ്റ്റാഫംഗങ്ങളായ സെലിന് പോള്‍, സിസ്റ്റര്‍ ജൂലി, സെബിന് ജോസഫ്, റിനോയ് ജോണി, ജ്വാല ജിഷിന് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.