പറവൂരിലെ സർക്കാർ കോളജ് യാഥാർഥ്യത്തിലേക്ക് : എംജി സർവകലാശാല സംഘം നാളെ കേസരി കോളജ് സന്ദർശിക്കും
1539142
Thursday, April 3, 2025 4:16 AM IST
പറവൂർ: പറവൂരിൽ സർക്കാർ കോളജ് തുടങ്ങുന്നതിന്റെ ഭാഗമായി എംജി സർവകലാശാലയുടെ ഇൻസ്പെക്ഷൻ സംഘം നാളെ രാവിലെ11ന് കേസരി കോളജ് സന്ദർശിക്കും. ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തി ഇവർ റിപ്പോർട്ട് സമർപ്പിക്കും. കേസരി സ്മാരക ട്രസ്റ്റിന് കീഴിൽ പ്രവർത്തിച്ചിരുന്ന കേസരി ആർട്സ് ആൻഡ് സയൻസ് കോളജ് സർക്കാർ ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങുന്നതിന്റെ അന്തിമഘട്ടത്തിലാണ്. കേസരി ട്രസ്റ്റിന് കീഴിലുള്ള കോളജിന്റെ സ്ഥലവും കെട്ടിടങ്ങളും സർക്കാരിന് നേരത്തെ വിട്ടുനൽകിയിരുന്നു.
കെട്ടിടങ്ങൾ, ക്ലാസ് മുറികൾ, ഓഫീസ് മുറികൾ, ലാബുകൾ, ഏഴായിരത്തോളം പുസ്തകങ്ങളുള്ള വായനശാല, ഫർണിച്ചറുകൾ, പ്രിൻസിപ്പലിന്റെ മുറി, സ്റ്റാഫ് റൂം, വിസിറ്റേഴ്സ് റൂം, കോൺഫറൻസ് ഹാൾ, മിനി സെമിനാർ ഹാൾ തുടങ്ങിയവ നിലവിൽ കോളജിലുണ്ട്.
ബികോം ഫിനാൻസ് ആൻഡ് ടാക്സേഷൻ ആൻഡ് ലോജിസ്റ്റിക് മാനേജ്മെന്റ്, ബിഎസ്സി സൈബർ ഫൊറൻസിക് വിത്ത് നെറ്റ്വർക് സെക്യൂരിറ്റി ആൻഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ആർക്കിടെക്ചർ, ബിഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ എന്നീ കോഴ്സുകൾ തുടങ്ങാനാണ് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്.
ബികോമിന് 40, സൈബർ ഫൊറൻസിക് സയൻസിന് 15, ജേണലിസത്തിന് 30 എന്ന നിലയിൽ ആദ്യ വർഷം 85 വിദ്യാർഥികൾക്ക് പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ട് കോളജ് വിദ്യാഭ്യാസ വകുപ്പ് മേധാവി എംജി സർവകലാശാലയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എത്ര സീറ്റുകൾ ഓരോ കോഴ്സിലും അനുവദിക്കണമെന്ന കാര്യത്തിൽ ഇൻസ്പെക്ഷൻ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാത്തിലാകും അന്തിമ തീരുമാനമെടുക്കുക.
ബിഎസ്സി സൈബർ ഫൊറൻസിക് കോഴ്സ് കേരളത്തിലെ ഒരു സർക്കാർ കോളജിൽ ആദ്യമായി തുടങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. കാര്യങ്ങൾ വേഗത്തിലാക്കി ഈ അധ്യയന വർഷം തന്നെ ക്ലാസുകൾ തുടങ്ങാനാണ് തീരുമാനം.