കാറ്റും മഴയും; പിറവത്ത് പരക്കെ നാശം
1539149
Thursday, April 3, 2025 4:16 AM IST
പിറവം: പിറവം മേഖലയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് വീശിയടിച്ച കാറ്റിലും മഴയിലും പരക്കെ നാശം. മരങ്ങൾ വീണ് വീടിന് കേടുപാടു സംഭവിക്കുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. പലയിടങ്ങളിലും വൈദ്യുതി നിലച്ചിരിക്കുകയാണ്.
പാന്പാക്കുട കൈനി വാഴപ്പറന്പിൽ പൗലോസിന്റെ വീടിന് മുകളിലേക്ക് മരം മറിഞ്ഞു വീണ് വീട് ഭാഗികമായി തകർന്നു. ഇവിടുത്തെ കിണറിന്റെ ചുറ്റുമതിൽ തകരുകയും, ജാതിമരം അടക്കമുള്ളവ കടപുഴകി വീഴുകയും ചെയ്തു. എറണാകുളം റോഡിൽ പേപ്പതി ഇല്ലിക്കൽത്താഴത്തിന് പ്ലാവ് റോഡിലേക്ക് കടപുഴകി വീണതുമൂലം ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പിന്നീട് പിറവത്തുനിന്നും അഗ്നിരക്ഷാ ഉദ്യോഗസ്ഥരെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ടൗണിൽ നഗരസഭയുടെ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിന്റെ ഭിത്തിയിൽ പിടിപ്പിച്ചിരുന്ന അലുമിനിയം ഹോൾഡിംഗുകൾ കാറ്റിൽ താഴെക്ക് പതിച്ചു. മഴയായതിനാൽ ഈ സമയം പുറത്താരും ഉണ്ടാകാതിരുന്നത് വലിയ അപകടമൊഴിവായി. രണ്ടുനിലയുടെ ഭിത്തിയിൽ പതിപ്പിച്ചിരുന്ന ഹോൾഡിംഗുകൾ പൂർണമായും താഴേക്ക് പതിച്ചു. ഇവിടെ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് കുറച്ചു ഭാഗം വീണതിനാൽ വണ്ടിക്ക് ചെറിയ കേടുപാടുകളുണ്ടായി.
നിരവധിയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. പലയിടത്തും വൈദ്യുതി ലൈനുകൾ പൊട്ടിക്കിടക്കുകയാണ്. ഇതുമൂലം ഉൾ മേഖലകളിൽ വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്.