മൂവാറ്റുപുഴ ഗവ. മോഡൽ ഹൈസ്കൂൾ ഗ്രൗണ്ട് വികസനം കടലാസിൽ
1539145
Thursday, April 3, 2025 4:16 AM IST
പ്രതിഷേധവുമായി കായിക പ്രേമികൾ
മൂവാറ്റുപുഴ: ഗവ. മോഡൽ ഹൈസ്കൂൾ ഗ്രൗണ്ട് നവീകരിക്കണം പ്രഖ്യാപനത്തിൽ ഒതുങ്ങിയതോടെ പ്രതിഷേധവുമായി കായിക പ്രേമികൾ. കായിക മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് ഫുട്ബോൾ പരിശീലന കേന്ദ്രമടക്കം എട്ടോളം പദ്ധതികൾ വരുമെന്ന് പ്രഖ്യാപിച്ച ഗവ. മോഡൽ ഹൈസ്കൂൾ ഗ്രൗണ്ടിലെ വികസനം കടലാസിൽ ഒതുങ്ങി. ഇന്ത്യൻ കായിക രംഗത്ത് മികവ് തെളിയിച്ച രാജ്യത്തിന് അഭിമാനമായ അനേകായിരം കായിക താരങ്ങളെ വാർത്തെടുത്തിട്ടുള്ളതാണ് ഹൈസ്കൂൾ ഗ്രൗണ്ട്.
രാവിലെ മുതൽ അനേകം ആളുകൾ വർഷങ്ങളായി ഇവിടെ വ്യായാമവും കായിക പരിശീലനവും ചെയ്തുകൊണ്ടിരിക്കുന്നു. നിരവധി കായികപ്രേമികൾ ആശ്രയിച്ചുവന്ന മൈതാനം ഇപ്പോൾ കാട് പിടിച്ച് ഇഴജന്തുക്കളുടെ താവളമായിമാറിയിരിക്കുകയാണ്.
ഗവ. മോഡൽ സ്കൂളിനു സമീപമുള്ള ഏഴരയേക്കർ മൈതാനം ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും പരിശീലന കേന്ദ്രമായിരുന്നു. നിത്യേന നൂറുകണക്കിനു കായിക പ്രേമികൾ ആശ്രയിക്കുന്ന മൈതാനം സംരക്ഷിക്കാനോ കൂടുതൽ സൗകര്യങ്ങളൊരുക്കാനോ നഗരസഭാ അധികൃതർ തയാറാകുന്നില്ല.
മൈതാനത്ത് കായിക മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് എട്ടോളം പദ്ധതികളാണ് പ്രഖ്യാപിച്ചത്. എന്നാൽ ഇവയിൽ ഒന്നു പോലും നടപ്പായില്ല. ഗണേഷ്കുമാർ കായിക മന്ത്രിയായിരുന്നപ്പോൾ മൈതാനത്ത് ഫുട്ബോൾ പരിശീലന കേന്ദ്രം നിർമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് മുന്നോട്ടുപോയില്ല.
അത്ലറ്റിക്കിനു മറ്റും ഉപയോഗകരമാകുന്ന വിധത്തിൽ മൈതാനം ഒരുക്കാനും കായിക പരിശീലനങ്ങൾ നൽകാനും നഗരസഭയുടെ നേതൃത്വത്തിലും ശ്രമം നടന്നിരുന്നു. നഗരസഭാധികൃതർ കമ്മിറ്റികൂടി ആലോചിച്ചു തീരുമാനമെടുത്തെങ്കിലും മറ്റൊന്നും നടന്നില്ല. കഴിഞ്ഞ ദിവസത്തെ ബജറ്റിലും സ്റ്റേഡിയം നവീകരണത്തിന് ഫണ്ടില്ല.