തദ്ദേശ തെരഞ്ഞെടുപ്പ്: തന്ത്രങ്ങൾ മെനഞ്ഞ് കോണ്‍ഗ്രസ്
1539156
Thursday, April 3, 2025 4:27 AM IST
കൊച്ചി: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം കൊയ്യാൻ കരുക്കൾ നീക്കി കോണ്‍ഗ്രസ്. സിപിഎം മാതൃകയില്‍ ഭവനസന്ദര്‍ശനം ഉള്‍പ്പെടെ വിവിധ പദ്ധതികളാണ് നടപ്പാക്കാനൊരുങ്ങുന്നത്. ജനകീയ വിഷയങ്ങളിലെ ഇടപെടലുകള്‍ ശക്തമാക്കാന്‍ നേതാക്കള്‍ക്കും ജനങ്ങളുടെ ആവശ്യങ്ങള്‍ കാലതാമസം കൂടാതെ നടത്തിക്കൊടുക്കാന്‍ ജനപ്രതിനിധികള്‍ക്കും ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ സംഗമത്തില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിര്‍ദേശം നല്കി.
ആറ് മിനിട്ടെങ്കിലും ഒരു വീട്ടില്‍ ചെലവഴിക്കണം. വീടിനുള്ളില്‍ കയറി കുടുംബാംഗങ്ങളെ വിളിച്ചിരുത്തി രാഷ്ട്രീയം സംസാരിക്കണം. എതിര്‍സ്വരങ്ങളെ കേള്‍ക്കാന്‍ സന്നദ്ധമാകണം. ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ ഭവന സന്ദര്‍ശകര്‍ക്ക് സാധിക്കണമെന്നും ഇതേ രീതി പിന്തുടരുന്ന സിപിഎം ഭവന സന്ദര്‍ശനങ്ങള്‍ക്ക് സ്വീകാര്യത ഉണ്ടായത് ഇങ്ങനെയാണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
പാര്‍ട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരെ റിബലായി മത്സരിക്കുന്ന രീതി ഇത്തവണ ഉണ്ടാകരുതെന്ന കര്‍ശന താക്കീതും ഡിസിസി പ്രസിഡന്റ് നല്കി. ജയസാധ്യത മാത്രമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ മാനദണ്ഡം. ഏതെങ്കിലും നേതാക്കള്‍ സീറ്റ് ഓഫര്‍ ചെയ്താല്‍ അത് വെറും വാക്കാണെന്ന തിരിച്ചറിവ് ഉണ്ടാകണം. ഗ്രൂപ്പ്, വ്യക്തി താല്പര്യങ്ങളല്ല, നിലനില്‍പ്പിന്റെ പോരാട്ടമായാകണം വരുന്ന തെരഞ്ഞെടുപ്പുകളെ കാണേണ്ടതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
ടൗണ്‍ഹാളില്‍ നടന്ന ജനപ്രതിനിധികളുടെ സംഗമം എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ഉദ്ഘാടനം ചെയ്തു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്, ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, എംഎല്‍എമാരായ ടി.ജെ. വിനോദ്, കെ.ബാബു, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്, ഡൊമിനിക് പ്രസന്റേഷന്, എന്‍. വേണുഗോപാല്‍, ജോസഫ് വാഴയ്ക്കന്, വി.പി. സജീന്ദ്രന്, ഉല്ലാസ് തോമസ്, ബി.അബ്ദുള്‍ മുത്തലിബ്, കെ.പി. ധനപാലന്, ടോണി ചമ്മണി, ഐ.കെ. രാജു എന്നിവര്‍ പങ്കെടുത്തു.