അതിജീവിതകൾക്കുള്ള നിർഭയ സെന്റർ നാളെ നാടിനു സമർപ്പിക്കും
1539146
Thursday, April 3, 2025 4:16 AM IST
കോതമംഗലം: വ്യത്യസ്ത കാരണങ്ങളാൽ തെരുവിലായ സ്ത്രീകൾ, ശാരീരിക മാനസിക അതിക്രമങ്ങൾക്ക് ഇരയാക്കപ്പെട്ടവർ, ഗാർഹിക പീഡനങ്ങൾക്കിരയാക്കപ്പെട്ടവർ തുടങ്ങി അതിജീവിതകളായ സ്ത്രീകൾക്ക് അഭയവും പുനരധിവാസവും നൽകുന്ന നെല്ലിക്കുഴി പീസ് വാലിയുടെ പുതിയ പദ്ധതിയായ ‘നിർഭയ സെന്റർ ഫോർ വുമണ്‍ ഇൻഡസ്ട്രീസ്’ നാളെ നാടിന് സമർപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അതിജീവിതകളായ സ്ത്രീകൾക്ക് അഭയം നൽകി ശാസ്ത്രീയമായ പുനരധിവാസം ഉറപ്പുവരുത്തുന്ന രീതിയാണ് നിർഭയ മുന്നോട്ടുവയ്ക്കുന്നത്.
സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ എന്നിവരുടെ നേതൃത്വത്തിൽ നൂതനമായ ചികിത്സയും മാനസികമായി കരുത്താർജിക്കാൻ കൗണ്‍സിലിംഗ് സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
അതിജീവിതകളായവരെ സ്വയം പര്യാപ്തതയോടെ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ആസ്റ്റർ ഡിഎം ഫൗണ്ടേഷൻന്റെ സഹകരണത്തോടെ തയ്യൽ പരിശീലന കേന്ദ്രവും നിർഭയയിൽ തയാറാക്കിയിട്ടുണ്ട്.
പത്ത് വാർഡുകളിലായി 150 പേർക്കുള്ള സൗകര്യമാണ് നിർഭയയിൽ ഒരുക്കിയിട്ടുള്ളത്. ലൈബ്രറി, യോഗ, ക്രാഫ്റ്റ് പരിശീലനം എന്നീ സൗകര്യങ്ങളും ലഭ്യമാണ്. വൈകുന്നേരം 3.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വ്യവസായി ഗൾഫാർ ഗ്രൂപ്പ് ചെയർമാൻ പി. മുഹമ്മദാലി പദ്ധതി നാടിനു സമർപ്പിക്കും. സമീർ പൂക്കുഴി ചടങ്ങിൽ മുഖ്യ അതിഥിയാവും.