കിഴക്കൻ മേഖല കാട്ടാനപ്പേടിയിൽ
1539150
Thursday, April 3, 2025 4:27 AM IST
പോത്താനിക്കാട് : ജില്ലയുടെ കിഴക്കൻ മേഖലയായ ചാത്തമറ്റം, ഒറ്റക്കണ്ടം ഇടുക്കി ജില്ലയുടെ പടിഞ്ഞാറുഭാഗമായ മുള്ളരിങ്ങാട് പ്രദേശങ്ങളിലെ ജനങ്ങൾ കാട്ടാനപ്പേടിയിൽ. മാസങ്ങളോളമായി ഈ പ്രദേശങ്ങളിൽ രാപകൽ വ്യത്യാസമില്ലാതെ കാട്ടാനകളുടെ ശല്യം രൂക്ഷമാണ്.
ചൊവ്വാഴ്ച രാത്രി മുള്ളരിങ്ങാട് തെങ്ങുംതെറ്റയിൽ ഓനച്ചന്റെ വീട്ടുമുറ്റത്ത് കാട്ടാനയെത്തി. കിണറിന്റെ സംരക്ഷണഭിത്തി തകർക്കുകയും ഏതാനും വാഴകൾ നശിപ്പിക്കുകയും ചെയ്തു. അമയൽതൊട്ടി അങ്കണവാടിയുടെ മുറ്റത്തും കാട്ടാന കയറിയതോടെ പിഞ്ചുകുട്ടികളെ അങ്കണവാടിയിൽ വിടാനും മാതാപിതാക്കൾക്കു ഭയമാണ്.
കഴിഞ്ഞ ഡിസംബറിൽ പുരയിടത്തിൽ കെട്ടിയിരുന്ന പശുവിനെ അഴിക്കാൻപോയ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതിന്റെ ഞെട്ടൽ മാറിയിട്ടില്ല. സന്ധ്യകഴിഞ്ഞാൽ വീടിനു പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണെന്നാണ് നാട്ടുകാർ പറയുന്നത്.
ചാത്തമറ്റം മേഖലയിലുള്ള ഒരുപറ്റം യൂവാക്കൾ ചേർന്ന് ജാഗ്രത സമിതി രൂപീകരിച്ച് രാത്രികളിൽ ചാത്തമറ്റം മുള്ളരിങ്ങാട് റോഡിലൂടെ ജീപ്പിൽ പട്രോൾ നടത്തുകയാണിപ്പോൾ. അധികൃതരുടെ അടിയന്തിര ഇടപെടൽ ഉണ്ടായി കാട്ടാന ശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫോട്ടോ : മുള്ളരിങ്ങാട് തെങ്ങുംതെറ്റയിൽ ഓനച്ചന്റെ വീട്ടുമുറ്റത്തെ കിണറിന്റെ സംരക്ഷണ ഭിത്തി കാട്ടാന തകർത്ത നിലയിൽ.