സീപോർട്ട്-എയർപോർട്ട് റോഡ് പദ്ധതി രണ്ടാം ഘട്ടം : ഭൂവുടമകൾക്ക് സ്ഥലം ഏറ്റെടുക്കൽ നോട്ടീസ് അയച്ചു തുടങ്ങി
1539130
Thursday, April 3, 2025 4:03 AM IST
നോട്ടീസ് അയയ്ക്കുന്നത് 327 പേർക്ക് * ആറു പേർക്ക് നഷ്ടപരിഹാരം അനുവദിച്ചു
ആലുവ: കാൽനൂറ്റാണ്ടായി മുടങ്ങിക്കിടക്കുന്ന സീപോർട്ട്-എയർപോർട്ട് റോഡ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു. എൻഎഡി മുതൽ മഹിളാലയം പാലം വരെയുള്ള മേഖലയിലെ 327 ഭൂഉടമകൾക്ക് സ്ഥലം ഏറ്റെടുക്കൽ നോട്ടീസ് അയച്ചു തുടങ്ങി.
നടപടികൾ വേഗത്തിലാക്കാൻ അഞ്ചു ക്ലാർക്കുമാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചതായി ആലുവ എംഎൽഎ അൻവർ സാദത്ത് പറഞ്ഞു. തൃക്കാക്കര നോർത്ത്, ചൂർണിക്കര വില്ലേജുകളിൽ 227, കീഴ്മാട് വില്ലേജിൽ 88, ആലുവ വെസ്റ്റ് വില്ലേജിൽ 12 ഭൂഉടമകളാണ് സ്ഥലം വിട്ടുകൊടുക്കേണ്ടത്.
തൃക്കാക്കര നോർത്ത്, ചൂർണിക്കര വില്ലേജുകളിലെ 227 സ്ഥലമുടമകൾക്ക് അവാർഡ് എൻക്വയറി നോട്ടീസ് അയച്ചെങ്കിലും മറുപടി ലഭിച്ചത് 35 പേരുടെ മാത്രമാണ്. ഇതിൽ ആറു പേർക്ക് നഷ്ടപരിഹാരത്തുക ലഭിക്കാനുള്ള രേഖകൾ നൽകിയത്.
ഇതേത്തുടർന്ന് തുക അനുവദിക്കാൻ ട്രഷറിയിലേക്ക് ബില്ലുകൾ സമർപ്പിച്ചതായി എംഎൽഎ അറിയിച്ചു.അതേ സമയം കീഴ്മാട് വില്ലേജ് , ആലുവ വെസ്റ്റ് വില്ലേജ് എന്നിവയിൽ പലരുടേയും സർവ്വേ നമ്പർ തെറ്റായി രേഖപ്പെടുത്തിയിരുന്നതിനാൽ നോട്ടീസ് അയച്ചു തുടങ്ങിയിട്ടില്ല.
ഇവ ഉടൻ പരിഹരിച്ച് പട്ടിക തയാറാക്കി 19 (1) നോട്ടിഫിക്കേഷൻ പ്രകാരം അവാർഡ് എൻക്വയറി നോട്ടീസ് അയക്കും. ഭൂഉടമ രേഖകൾ എൽഎ തഹസീൽദാർ ഓഫീസിൽ ഹാജരാക്കിയാൻ നഷ്ടപരിഹാര തുക ട്രഷറി വഴി അനുവദിക്കും.