ട്രഷറിയിൽ പണമെത്തിയില്ല : പെൻഷൻ വാങ്ങാനെത്തിയവർ കാത്തിരുന്നത് മണിക്കൂറുകൾ
1539158
Thursday, April 3, 2025 4:27 AM IST
കാക്കനാട്: പെൻഷൻ വാങ്ങാനെത്തിയവർ ട്രഷറിക്കു മുന്നിൽ കാത്തിരുന്നത് മണിക്കൂറുകൾ. സാമ്പത്തിക വർഷം അവസനിച്ച 2024 മാർച്ച് 31ന് ട്രഷറിയിൽ ശേഷിച്ചിരുന്ന പണം മുഴുവൻ ബാങ്കിലേക്ക് മാറ്റിയിരുന്നു. പുതിയ സാമ്പത്തിക വർഷം ആരംഭിച്ച ഏപ്രിൽ ഒന്ന് അവധി ദിനമായതിനാൽ ബാങ്കിൽ നിന്നും പണം ട്രഷറിയിലേക്ക് എത്തിക്കാൻ കഴിഞ്ഞിരുന്നില്ല.
ഇതൊന്നുമറിയതെ ഇന്നലെ പെൻഷൻ വാങ്ങാനായി കളക്ടറേറ്റ് ട്രഷറിയിൽ വന്നവരാണ് പണം എത്താത്തതിനെ തുടർന്ന് മണിക്കൂറുകൾ കാത്തിരുന്ന് വലഞ്ഞത്. രാവിലെ 10.30 മുതൽ ട്രഷറിയിൽ നിന്നും പെൻഷൻ വിതരണം ചെയ്തു തുടങ്ങുന്ന പതിവ് തെറ്റിയപ്പോൾ കാരണമന്വേഷിച്ചപ്പോഴാണ് ബാങ്കിൽ നിന്ന് പണം ട്രഷറിയിലെത്താൻ വൈകുമെന്നറിഞ്ഞത്.
പ്രായാധിക്യമുള്ളവരും വിവിധ രോഗങ്ങൾ അലട്ടുന്നവരും പെൻഷൻ വിതരണം വൈകിയതോടെ ആശങ്കയിലായി. ട്രഷറിയിലും ഇടനാഴികളിലുമായി തിരക്ക് വർധിച്ചു. ഉച്ചയോടെ പണമെത്തിച്ച് ഇന്നലെയെത്തിയ മുഴുവൻ പെൻഷൻകാർക്കും ട്രഷറി അധികൃതർ പണം വിതരണം ചെയ്തു.