ബിയർ കുപ്പിക്ക് കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരന്റെ തലയ്ക്കടിച്ച യുവാവ് അറസ്റ്റില്‍
1539161
Thursday, April 3, 2025 4:33 AM IST
കൊച്ചി : വൈറ്റില ജംഗ്ഷനിലെ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റില് നിന്ന് മദ്യക്കുപ്പി മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചത് തടഞ്ഞ ജീവനക്കാരനെ ബിയര്‍കുപ്പിക്ക് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍.
തൃപ്പൂണിത്തുറ എരൂര്‍ കൊളവേലിപാടത്ത് വിഷ്ണുലാലിനെയാണ് (25) കടവന്ത്ര പോലീസ് ഇന്‍സ്പെക്ടര്‍ പി.എം. രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ പരിക്കേറ്റ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റിലെ മാനേജര്‍ സമഗ്രനെ (45)ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ മൂന്നു സ്റ്റിച്ചുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പ്രീമിയം കൗണ്ടറില്‍ മദ്യം വാങ്ങാനെത്തിയ വിഷ്ണുലാല്‍ വിദേശമദ്യക്കുപ്പി അരക്കെട്ടില്‍ വസ്ത്രത്തിനടിയില്‍ ഒളിപ്പിക്കുന്നത് ഔട്ട്ലെറ്റിലെ വനിതാ ജീവനക്കാരി കണ്ടിരുന്നു.
മറ്റൊരു മദ്യക്കുപ്പിയുമായി ബില്ലടിക്കാന്‍ കൗണ്ടറിന് സമീപമെത്തിയപ്പോള്‍ ജീവനക്കാരി തടഞ്ഞത് ഇയാളെ പ്രകോപിപ്പിച്ചു. ജീവനക്കാരിയെ അസഭ്യം പറഞ്ഞതോടെ സമഗ്രനും മറ്റു ജീവനക്കാരും ഇടപെട്ടു.
ഇതോടെ അക്രമാസക്തനായ വിഷ്ണുലാല്‍ മൂന്ന് മദ്യക്കുപ്പികള്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചശേഷം കുപ്പിക്കഷണംകൊണ്ട് സമഗ്രന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ജീവനക്കാരും മദ്യം വാങ്ങാനെത്തിയവരും ചേര്‍ന്ന് പ്രതിയെ തടഞ്ഞുവച്ച് കടവന്ത്ര പോലീസിന് കൈമാറി. പൊതുമുതല്‍ നശിപ്പിച്ചതിനും മരണകാരണമായേക്കാവുന്ന തരത്തില്‍ പരിക്കേല്‍പ്പിച്ചതിനുമാണ് കേസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.