തർക്കം: കൊച്ചി ഫിഷറീസ് ഹാർബറിൽ പണിമുടങ്ങി
1516233
Friday, February 21, 2025 3:58 AM IST
മട്ടാഞ്ചേരി: ഒരേ യൂണിയനിൽപ്പെട്ട തൊഴിലാളികൾ തമ്മിൽ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് കൊച്ചി ഫിഷറീസ് ഹാർബറിൽ പണി മുടങ്ങി. ഇതോടെ ഹാർബറിൽ എത്തിയ ബോട്ടുകൾ മീൻ ഇറക്കാനാകാതെ മറ്റു ഹാർബറുകളിലേക്ക് പോയി.
പായ്ക്ക് ചെയ്ത മത്സ്യം വണ്ടിയിൽ കയറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. വേറേ വിഭാഗം ചെയ്യേണ്ട ജോലിയും കൂടി തങ്ങൾ ചെയ്യേണ്ടി വരികയാണെന്ന് ഒരു വിഭാഗം പറയുന്നു. തർക്കം ആയതോടെ ജോലി എടുക്കുന്നതിൽ നിന്നും പിൻമാറി.
ഇതോടെ കച്ചവടക്കാർ മീൻ എടുക്കാൻ തയാറാകാതെ വരികയും മീൻ ഇറക്കാൻ കഴിയാതെ ബോട്ടുകൾ മടങ്ങുകയുമായിരുന്നു. ഹാർബറിലെ നിർമാണ പ്രവൃത്തികൾ ഇഴഞ്ഞ് നീങ്ങുന്നതിനാൽ താരതമ്യേന കുറച്ച് ബോട്ടുകൾ മാത്രമാണ് എത്തുന്നത്.
തർക്കം നീണ്ടു നിന്നാൽ ഹാർബറിന്റെ നിലനിൽപ്പിനെ അത് ബാധിക്കുമെന്നും തങ്ങൾക്ക് മറ്റു മാർഗങ്ങൾ തേടേണ്ടി വരുമെന്നുമാണ് കച്ചവടക്കാരും ബോട്ടുടമകളും പറയുന്നത്. അതേസമയം പ്രശ്നം ചർച്ച ചെയ്ത് പരിഹരിച്ചെന്നും ജോലികൾ ഉടൻ ആരംഭിക്കുമെന്നും യൂണിയൻ നേതൃത്വം വ്യക്തമാോക്കി.