മന്ത്രിയുടെ താക്കീതിന് പുല്ലുവില : മോട്ടോർ വാഹന വകുപ്പിൽ ഇടനിലക്കാരുടെ മേളം
1516228
Friday, February 21, 2025 3:58 AM IST
കാക്കനാട്: മോട്ടോർ വാഹന വകുപ്പിനു കീഴിലുള്ള ജില്ലയിലെ ഒട്ടുമിക്ക ഓഫീസുകളിലും ഇടനിലക്കാരുടെ തള്ളിക്കയറ്റംമൂലം സാധാരണക്കാർ വലയുന്നു. ഇടനിലക്കാരെ അനധികൃതമായി ഓഫീസുകളിൽ പ്രവേശിക്കരുതെന്നും മുറപ്രകാരമുള്ള മുൻഗണനാക്രമം അപേക്ഷകളിൽ പാലിക്കണമെന്നും നിർദേശം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പു നൽകിയിട്ടും എറണാകുളം ആർടി ഓഫീസിനു കീഴിൽ ഇത്തരക്കാർക്ക് സർവസ്വാതന്ത്യം അനുവദിച്ചതാണ് ആർടിഒയുടെ അറസ്റ്റിലും റെയ്ഡിലും കാര്യങ്ങൾ എത്തിച്ചത്.
എറണാകുളം ആർടി ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇടനിലക്കാർ മുഖേനയാണ് ഉദ്യോഗസ്ഥരുടെ പണപ്പിരിവും മറ്റുമെന്ന ആരോപണം മുന്പും ഉയർന്നിരുന്നു. ആർടി ഓഫീസിലും ജോയിന്റ് ആർടി ഓഫീസുകളിലും സാധാരണക്കാർക്കു കടന്നുചെല്ലാൻ പറ്റാത്തിടത്തെല്ലാം ഇടനിലക്കാരെ കാണാം.
വിവിധ കാര്യങ്ങളിൽ തീർപ്പുണ്ടാക്കേണ്ട 50 മുതൽ 100 വരെ അപേക്ഷകളുമായിട്ടാണ് മിക്ക ഓഫീസുകളിലും ഇടനിലക്കാരെത്തുന്നത്. ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കോ ടാക്സ് സംബന്ധിയായ വിഷയങ്ങൾക്കോ പരിഹാരം തേടിയെത്തുന്ന സാധാരണക്കാർക്കൊന്നും ഓഫീസിനുള്ളിലേക്ക് പ്രവേശനമില്ല. അവർ പുറത്തു മണിക്കൂറുകളോളം ക്യൂ നിൽക്കണം.
ഇടനിലക്കാരാവട്ടെ സ്വയം വാതിലുകൾ തുറന്ന് ഓഫീസിനുള്ളിൽ പ്രവേശിച്ച് ഓരോ സെക്ഷനുകളിലും നേരിട്ട് ചെന്ന് അപേക്ഷകളിൽ തീർപ്പുണ്ടാക്കി മടങ്ങും. ഉത്തരവുകളുടെ പ്രിന്റൗട്ട് എടുക്കുന്നതും അതിൽ സർക്കാർ മുദ്രവയ്ക്കുന്നതുമെല്ലാം ഇടനിലക്കാർ തന്നെയാണ്. ഫിറ്റ്നസ്, പെർമിറ്റ്, നികുതി കുടിശിക, ടെസ്റ്റ്, വാഹനം പൊളിക്കാനുള്ള അനുമതി തുടങ്ങി സകല അപേക്ഷകൾക്കും ഇടനിലക്കാർ ഉടനടി പരിഹാരമുണ്ട്
കൈക്കൂലിക്കും 'ഇടനില'
ഉദ്യോഗസ്ഥരുടെ പേരിൽ പണവും മറ്റു പാരിതോഷികങ്ങളും വാങ്ങുന്നതും ഇടനിലക്കാർ തന്നെ. രാവിലെ ഒൻപതോടെ മോട്ടോർ വാഹന വകുപ്പിന്റെ ഇടനാഴിയിൽ ഇവർ എത്തും. മടക്കം രാത്രി എട്ടിനു ശേഷവും. പറഞ്ഞുറപ്പിക്കുന്ന പണവും പാരിതോഷികമായി കിട്ടുന്ന മദ്യവും ഇടനിലക്കാരായ ഏജന്റുമാർ വാങ്ങിവയ്ക്കും. പിന്നീട് ഇവ ഉദ്യോഗസ്ഥർക്കു കൈമാറും.
ഫിറ്റ്നസ് കാലാവധി കഴിഞ്ഞ പ്രൈവറ്റ് ബസിന്റെ റൂട്ട് പെർമിറ്റ് ഇതേ ബസുടമയുടെ മറ്റൊരു ബസിന്റെ പേരിൽ മാറ്റിക്കിട്ടാൻ അപേക്ഷ നൽകിയിരുന്നു. രണ്ടാഴ്ചത്തേക്ക് താത്കാലിക പെർമിറ്റ് അനുവദിച്ചശേഷം പിന്നീട് പെർമിറ്റുനൽകാൻ ആർടിഒ തയാറായില്ല. പെർമിറ്റ് കിട്ടാൻ ആർടിഒ പണവും മദ്യവും ആവശ്യപ്പെട്ടതായി ഏജന്റ് പറഞ്ഞതിനുശേഷം പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു.
മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ ഇടനിലക്കാർ പാടില്ലെന്നും ഏതെങ്കിലും ഉദ്യോഗസ്ഥന്റെ മേശയ്ക്കു മുന്നിൽ ഇടനിലക്കാരായി എത്തുന്നവരെ കണ്ടാൽ ആ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുമെന്നും ഗതാഗത വകുപ്പുമന്ത്രി കെ.ബി. ഗണേഷ്കുമാർ കർശന മുന്നറിയിപ്പു നൽകിയിരുന്നു. എന്നിട്ടും ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ പലയിടത്തും ഇപ്പോഴും ഇടനിലക്കാരുടെ സാന്നിധ്യം സജീവമായി തുടരുകയാണ്.