ബാഗേജിൽ ബോംബെന്ന് പറഞ്ഞു, യാത്രികൻ കുടുങ്ങി
1516232
Friday, February 21, 2025 3:58 AM IST
നെടുമ്പാശേരി: ബാഗേജിൽ കനം കൂടുതലാണല്ലോ എന്താണിതിലെന്ന ചോദ്യത്തിന് ബോംബുണ്ടെന്ന് മറുപടി പറഞ്ഞ യാത്രക്കാരൻ അറസ്റ്റിലായി. കോഴിക്കോട് സ്വദേശി റഷീദാണ് അറസ്റ്റിലായത്. തായ് എയർ വിമാനത്തിൽ ക്വാലാലംപൂരിലേക്ക് പോകാനാണ് ഇയാൾ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്.
ലഗേജിൽ നിശ്ചിത പരിധിയിൽ കൂടുതൽ സാധനങ്ങളുണ്ടായാൽ ഒഴിവാക്കാൻ ആവശ്യപ്പെടാറുണ്ട്. സുരക്ഷാ പരിശോധനയ്ക്കിടെ ഈ ചോദ്യം ഇഷ്ടപ്പെടാതിരുന്നതാണ് യാത്രക്കാരന്റെ പെട്ടെന്നുള്ള പ്രതികരണത്തിന് കാരണം.
ഇയാൾ കസ്റ്റംസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. ഇയാളെ പിന്നീട് നെടുമ്പാശേരി പോലിസിന് കൈമാറുകയായിരുന്നു. യാത്രക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്ത പോലിസ് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
അടുത്ത കാലത്ത് നെടുമ്പാശേരിയിൽ വിമാനങ്ങൾക്ക് നിരവധി തവണയാണ് വ്യാജ ബോംബ് ഭീഷണി ഉണ്ടായത്. ഇതേത്തുടർന്ന് വ്യോമയാന നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിമാനത്താവള അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.