കുളങ്ങാട്ടുകുഴിയിൽ കൃഷിയിടങ്ങളിൽനിന്ന് വിട്ടൊഴിയാതെ കാട്ടാനശല്യം
1516229
Friday, February 21, 2025 3:58 AM IST
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ കുളങ്ങാട്ടുകുഴിയിൽ ജനവാസ മേഖലയിലെ കൃഷിയിടങ്ങളിൽനിന്ന് കാട്ടാനശല്യം വിട്ടൊഴിയാതായതോടെ കർഷകർ ദുരിതക്കയത്തിൽ. കഴിഞ്ഞ ദിവസം രാത്രിയിലും ആനക്കൂട്ടം കൃഷിയിടങ്ങളിലെത്തി നാശം വിതച്ചു.
ചെരുപുറം കുര്യാക്കോസിന്റെ കൃഷിയിടത്തിലെത്തിയ കാട്ടാനകൾ തെങ്ങും കമുകും വാഴയും നശിപ്പിച്ച് നേരം പുലർന്നശേഷമാണ് കൃഷിയിടം വിട്ടൊഴിഞ്ഞത്. സന്ധ്യയായാൽ ആനകൾ പ്ലാന്റേഷന് പുറത്തിറങ്ങി പ്രദേശത്തെ കൃഷിയിടങ്ങൾ കയറിയിറങ്ങുകയാണ്. പുലർച്ചെയാണ് ആനകൾ മടങ്ങുന്നത്.
വനാതിർത്തിയിൽ ഫെൻസിംഗ് സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നുണ്ട്. ഫെൻസിംഗ് നിർമാണം പൂർത്തിയാകുന്പോഴേക്കും പ്രദേശത്തെ കൃഷിയിടങ്ങൾ പൂർണമായും കാട്ടാനകൾ നാശം വരുത്തുമെന്ന ഭീതിയിലാണ് നാട്ടുകാർ.
പുലർച്ചെ ടാപ്പിംഗിനും മറ്റ് ജോലികൾക്കും പുറത്തിറങ്ങാൻ കഴിയാതെ ഭയപ്പെടുകയാണ് കർഷക തൊഴിലാളികൾ ഉർപ്പെടെയുള്ളവർ. അടിയന്തിരമായി ആർആർടി ടീമിനെ നിയോഗിച്ച് കൃഷിയിടങ്ങളിലിറങ്ങുന്ന ആനകളെ തുരത്തി കാർഷിക വിളകൾക്ക് സംരക്ഷണം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.