ആലുങ്ങക്കടവ് പാലത്തിന് ശാപമോക്ഷം; ഉദ്ഘാടനം 22ന്
1515481
Wednesday, February 19, 2025 3:29 AM IST
നെടുമ്പാശേരി : പണി പൂർത്തിയായിട്ടും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അപ്രോച്ച് റോഡ് ഇല്ലാത്തതുമൂലം നോക്കുകുത്തിയായി നിന്നിരുന്ന ആലുങ്ങക്കടവ് പാലത്തിന് ശാപമോക്ഷം. 22 കോടിയിൽപ്പരം മുടക്കി പണിത പാലത്തിന് ആവശ്യമായ അപ്രോച്ച് റോഡിന് തുടക്കത്തിൽ സ്ഥലം എടുത്തിരുന്നില്ല. തുടർച്ചയായിട്ടുള്ള ഇടപെടൽ മൂലമാണ് ഈ പ്രശ്നം പരിഹരിച്ചത്. റോഡ് പണിക്ക് രണ്ട് ഘട്ടങ്ങളിലായി 4.5 കോടി രൂപ അനുവദിച്ചു.
പാലത്തിന്റെ ഉദ്ഘാടനം 22ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. ചടങ്ങിൽ അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിക്കും. അങ്കമാലി-മാഞ്ഞാലി തോടിന് കുറുകെ മേയ്ക്കാട്-പറമ്പുശേരി ഗ്രാമങ്ങളെ കൂട്ടിയോജിപ്പിക്കുന്നതാണ് പുതിയ പാലം. ഇതിന് നാല് സ്പാനുകളുണ്ട്.
ഇതിലൂടെ സഞ്ചരിച്ചാൽ ദേശീയ പാതയിൽ അത്താണി കവലയിൽ നിന്നും മാള , പുത്തൻവേലിക്കര, കണക്കൻ കടവ് തുടങ്ങിയ പ്രദേശങ്ങളിലേയ്ക്കുള്ള ദൂരം അഞ്ച് കിലോമീറ്ററിലധികം ലാഭിക്കുവാൻ കഴിയും. പാലത്തിലൂടെ ഗതാഗതം ആരംഭിക്കുന്നതോടെ ചെങ്ങമനാട് കവലയിലെ വാഹനങ്ങളുടെ ഗതാഗതക്കുരുക്ക് കുറയുന്നതിന് സഹായിക്കും. കാർഷികമേഖലയുടെ വികസനത്തിനും ഈ ഗതാഗത മാർഗം പ്രയോജനപ്പെടും .