പനി ബാധിച്ച് ചികിൽസയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു
1515418
Tuesday, February 18, 2025 10:35 PM IST
കോതമംഗലം: പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച കോളേജ് വിദ്യാർഥിനി മരിച്ചു. എം.എ. കോളജ് എംകോം ഒന്നാം വർഷ വിദ്യാർഥിനി തൃശൂർ ആലപ്പോട്ട് കൊക്കഡ്ര വീട്ടിൽ ദിനേശ്മിനി ദന്പതികളുടെ ഏക മകൾ ശ്രീലക്ഷ്മി ദിനേശ് (21) ആണ് മരിച്ചത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് പനിയെ തുടർന്ന് കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. പിന്നീട് തലവേദനയും ഛർദിയും ബാധിച്ച് മൂവാറ്റുപുഴ, കോലഞ്ചേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. പരിശോധനയിൽ ആന്തരിക രക്തസ്രാവവും ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചതായും കണ്ടെത്തിയതിനെ തുടർന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
ഹോട്ടൽ ഭക്ഷണം കഴിച്ചശേഷമാണ് തനിക്ക് അസ്വസ്ഥതകളുണ്ടായതെന്ന് ശ്രീലക്ഷ്മി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലവും ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തു. വിദ്യാർഥികളും അധ്യാപകരും അടക്കം സംസ്കാര ചടങ്ങിൽ പങ്കെടുത്തു.