കീഴ്മാട് സർക്കുലർ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം
1516248
Friday, February 21, 2025 4:20 AM IST
ആലുവ: കീഴ്മാട്-കുട്ടമശേരി-ജിടിഎൻ സർക്കുലർ റോഡിലെ വീതി കുറവ് കാരണം വാഹനങ്ങൾ കുടുങ്ങുന്നതായി പരാതി. തോട്ടുമുഖം തടിയിട്ടുപറമ്പ് റോഡിൽ നെല്ലിപ്പറമ്പത്ത് കലുങ്ക് പാലം പുനർനിർമാണം നടന്നതോടെ വാഹനങ്ങൾ വലിയ തോതിൽ വീതി കുറഞ്ഞ സർക്കുലർ റോഡിലൂടെ പോകുന്നതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്.
അപകട ഭീഷണിയായി വളവുകളിലുള്ള വൈദ്യുതി പോസ്റ്റുകൾ ഗതാഗത തടസമില്ലാത്ത മേഖലയിലേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാല് കിലോമീറ്റർ മേഖലയിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. സ്കൂൾ ബസുകളും ആംബുലൻസുകളും സർക്കുലർ റോഡിലെ ബ്ലോക്കിൽ പെടാറുണ്ട്.
കീഴ്മാട് പഞ്ചായത്ത്, വൈദ്യുതി ബോർഡ്, പൊതുമരാമത്ത് വകുപ്പ് എന്നിവർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമില്ലെന്ന് കീഴ്മാട് സ്വദേശി സുബ്രഹ്മണ്യൻ പറഞ്ഞു. ക്രൈസ്തവ മഹിളാലയം സ്കൂൾ, ബ്ലൈൻഡ് സ്കൂൾ എംആർഎസ് സ്കൂൾ, പഞ്ചായത്ത് വില്ലേജ് ഓഫീസുകൾ, പ്രാഥമിക ആരോഗ്യ കേന്ദ്രം, മൃഗാശുപത്രി, കൃഷിഭവൻ രാജഗിരി ഹോസ്പിറ്റൽ എന്നീ സ്ഥാപനങ്ങളിലേക്ക് വിവിധാവശ്യങ്ങൾക്ക് പോകുന്നവരാണ് റോഡിൽ കുടുക്കുന്നത്.
സ്കൂൾ വിദ്യാർത്ഥികൾക്ക് ക്ലാസിൽ കൃത്യസമയത്ത് എത്താൻ കഴിയാതെയും വരുന്നുണ്ട്. റോഡിന്റെ വീതി കുറവുള്ള ഭാഗത്ത് വീതി കൂട്ടി പണിയുന്നതിന് പഞ്ചായത്തും പിഡബ്ല്യുഡിയും തയാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.