ആലുവ മഹാശിവരാത്രി: മൂന്നാം ഘട്ട ബലിത്തറ ലേലം ഇന്ന്
1516247
Friday, February 21, 2025 4:12 AM IST
ആലുവ: മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് തയാറാക്കിയിരിക്കുന്ന പിതൃബലിത്തറകളുടെ മൂന്നാം ഘട്ട ലേലം ഇന്ന് നടക്കും. ആകെയുള്ള 116 ബലിത്തറകളിൽ 79 എണ്ണമാണ് ഇതുവരെ ലേലത്തിൽ പോയിട്ടുള്ളതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.ആർ. ജ്യോതി ദീപികയോട് പറഞ്ഞു.
ദേവസ്വം ബോർഡിന് കീഴിൽ മണപ്പുറത്ത് തയാറാക്കിയ 31 വ്യാപാരശാലകളിൽ 24 എണ്ണമാണ് ലേലത്തിൽ പോയിരിക്കുന്നത്. ഇതു വരെ 30 ലക്ഷത്തോളം രൂപ ലഭിച്ചിട്ടുണ്ട്. ഇന്നു നടക്കുന്ന ലേലത്തിൽ ബാക്കി സ്റ്റാളുകളും ബലിത്തറകളും കൈമാറാനാകുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്.
അതിനിടയിൽ മണപ്പുറത്തേക്ക് ബലിയിടാൻ നടപ്പാലത്തിലൂടെ വരുന്ന ഭക്തജനങ്ങൾക്കായി മണപ്പുറം ശിവക്ഷേത്രത്തിന് പിന്നിലൂടെ നടവഴി തയാറാക്കുന്നത് മാറ്റണമെന്ന ആവശ്യം ദേവസ്വം ബോർഡ് ഉന്നയിച്ചിട്ടുണ്ട്. വലിയതുക നൽകി ബലിത്തറ വാങ്ങിയിരിക്കുന്നത് മണപ്പുറത്തിന് കിഴക്ക് ഭാഗത്തുള്ളവരാണ്.
ഇവർക്ക് മുൻഗണന ലഭിക്കാൻ ക്ഷേത്രത്തിനു മുന്നിലൂടെ ഭക്തജനങ്ങളെ കടത്തിവിടണമെന്നാണ് പുരോഹിതരുടെ നിലപാട്. ഭക്തജനത്തിരക്ക് നിയന്ത്രണാതീതമായാൽ മണപ്പുറത്തേക്കു വരുന്നവരെ പടിഞ്ഞാറു വഴി ക്ഷേത്രത്തിന് പിന്നിലൂടെ കടത്തിവിടേണ്ടി വരുമെന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
ഭക്തജനങ്ങൾക്ക് നിയന്ത്രണം ഉണ്ടാകുമെന്ന ആശങ്കയിൽ ശിവരാത്രി നടപ്പാലത്തോട് ചേർന്നുള്ള മണപ്പുറത്തെ എല്ലാ ബലിത്തറകളും ലേലം പോയിട്ടില്ല.