വയോജന മാനസികാരോഗ്യത്തിനായി പദ്ധതി തുടങ്ങും: മന്ത്രി രാജീവ്
1516251
Friday, February 21, 2025 4:20 AM IST
നെടുമ്പാശേരി: വയോജനങ്ങൾക്ക് മാനസികാരോഗ്യം വർധിപ്പിക്കാൻ പദ്ധതി തയാറാക്കുമെന്ന് മന്ത്രി പി. രാജീവ്. കുന്നുകര പഞ്ചായത്ത് സംഘടിപ്പിച്ച വയോജന സംഗമം 'സ്നേഹ സ്പർശം 2025' മംഗലശേരി പവലിയനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രതീഷ് മുഖ്യാതിഥിയായിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. അബ്ദുൾ ജബ്ബാർ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എം. വർഗീസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷിബി പുതുശേരി, സിജി വർഗീസ്, കവിത വി. ബാബു, ബ്ലോക്ക് പഞ്ചായത്തംഗം സി.കെ. കാസിം തുടങ്ങിയവർ സംസാരിച്ചു.
രാവിലെ മുതൽ വൈകിട്ട് വരെ നീണ്ടുനിന്ന സംഗമത്തിൽ 1000 ത്തോളം വയോജനങ്ങളാണ് പങ്കെടുത്തത്. പാട്ട്, ഡാൻസ്, ഒപ്പന, കവിത പാരായണം, കഥാപ്രസംഗം തുടങ്ങിയ കലാപരിപാടികളും വയോജനങ്ങൾ അവതരിപ്പിച്ചു.
ഒരു പകൽ മുഴുവൻ ഒത്ത്ചേർന്ന് പരസ്പരം സ്നേഹവും സൗഹൃദവും ഓർമകളും പങ്കുവെയ്ക്കുവാനും ആഹ്ലാദിക്കുവാനും കഴിഞ്ഞ സംഗമം വേറിട്ട അനുഭവമായിരുന്നുവെന്ന് ഇവർ പറഞ്ഞു.