ഹരിത ടൂറിസം കേന്ദ്രമാകാന്‍ ഒരുങ്ങി ഫോര്‍ട്ട് കൊച്ചി
1516238
Friday, February 21, 2025 4:12 AM IST
കൊച്ചി: സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ ഫോര്ട്ട്കൊച്ചിയെ ഹരിത ടൂറിസം കേന്ദ്രമാക്കാനുള്ള പദ്ധതികളുമായി ജില്ലാ ഭരണകൂടം. മാലിന്യമില്ലാത്തതും വൃത്തിയുള്ളതുമായ ടൂറിസം ഇടങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. മാര്‍ച്ച് 31ന് ഫോര്ട്ട്കൊച്ചിയെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്.
ഫോര്‍ട്ട് കൊച്ചിയിലെ മാലിന്യ ശേഖരണം, സംസ്കരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, സംരക്ഷണ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ വിലയിരുത്തുന്നതിനായി കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ക്ലീന്‍ കാമ്പയിനുകള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
കൂടുതല്‍ വേസ്റ്റ് ബിന്നുകള്‍ ഫോര്‍ട്ട് കൊച്ചി ബീച്ചിലും പരിസര പ്രദേശങ്ങളിലും സ്ഥാപിക്കും. ബീച്ച് പരിസരത്ത് കച്ചവടം നടത്തുന്ന കട ഉടമകള്‍ക്കും തെരുവോര കച്ചവടക്കാര്‍ക്കും ബോധവത്കരണം നടത്തും. അനധികൃതമായി കച്ചവടം നടത്തുന്ന കച്ചവടക്കാരെ ഒഴിപ്പിക്കും. ഹെല്‍ത്ത് സ്ക്വാഡ് പരിശോധന ശക്തമാക്കും.
കടകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിതകര്‍മ സേന മുഖേന ശേഖരിക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമാകും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യാത്തതോ, ഹരിതകര്‍മ സേനയ്ക്ക് കൈമാറാത്തതോ ആയ കടകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ടോയ്ലറ്റുകള് നവീകരിക്കും. കൂടുതല്‍ ടോയ്ലറ്റുകള് സ്ഥാപിക്കുന്ന കാര്യവും യോഗത്തില്‍ വിലയിരുത്തി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും തീരുമാനമായി.
യോഗത്തില്‍ തദ്ദേശസ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.ജെ. ജോയി, നവകേരളം കര്‍മപദ്ധതി കോ-ഓർഡിനേറ്റര്‍ എസ്. രഞ്ജിനി, ശുചിത്വമിഷന് കോ-ഓർഡിനേറ്റര്‍ എസ്. ലിജുമോന്‍, കൊച്ചി ഹെറിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി നോഡല്‍ ഓഫീസര്‍ ബോണി തോമസ്, ടൂറിസം ജോയിന്റ് ഡയറക്ടര്‍ ജി.എല്‍. രാജീവ്, കൊച്ചി കോര്പറേഷന് സെക്രട്ടറി പി.എസ്. ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.