ചൂർണിക്കര ലൈഫ് മിഷൻ പദ്ധതി: ഭൂമി കൈമാറാൻ ധർണ
1516256
Friday, February 21, 2025 4:20 AM IST
ആലുവ: അശോകപുരം പുനരധിവാസ ഭൂമിയും കമ്പനിപ്പടി പുറമ്പോക്ക് ഭൂമിയും കൈമാറണമെന്നാവശ്യപ്പെട്ട് ലൈഫ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ ധർണ നടത്തി. പഞ്ചായത്ത് അധികൃതരുമായി നടന്ന ചർച്ചയിൽ നടപടികൾ വേഗത്തിലാക്കാനും അനിശ്ചിചിതകാലത്തേക്ക് ആരംഭിച്ച ധർണ താത്കാലികമായി നിർത്തിവയ്ക്കാനും തീരുമാനമായി.
യോഗധാരണ പ്രകാരം അശോകപുരം പുനരധിവാസ ഭൂമി, കമ്പനിപ്പടി പുറമ്പോക്ക് ഭൂമി എന്നിവയിൽ പഞ്ചായത്ത് ഇതുവരെ എടുത്ത നടപടികളുടെ ഏതാനും രേഖകൾ സമരക്കാർക്ക് പഞ്ചായത്ത് കൈമാറി.
ഭൂമികളുടെ ലഭ്യത ഉറപ്പാക്കുന്ന തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ രണ്ടാംവട്ട സമരം ഉണ്ടാകുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി. യോഗത്തിൽ ഉപാധ്യക്ഷൻ ബാബു പുത്തനങ്ങാടി, പൊതുമരാമത്ത് സ്ഥിരം സമിതിയധ്യക്ഷൻ മുഹമ്മദ് ഷഫീഖ്, ആക്ഷൻ കൗൺസിൽ കൺവീനർ നാരായൺകുട്ടി തുടങ്ങിയവർ പങ്കെടുത്തു.