തടി ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്
1516239
Friday, February 21, 2025 4:12 AM IST
കോലഞ്ചേരി: കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ പുത്തൻകുരിശ് ബൈബിൾ കോളജിന് സമീപം തടി കയറ്റി വന്ന മിനിലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവർ ശ്രീകുമാർ (49), ഇതര സംസ്ഥാന തൊഴിലാളികളായ ബഹറുൽ ഇസ്ലാം (43), നൂർ ജമാൽ (27) എന്നിവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പട്ടിമറ്റം ഫയർ സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ കെ.എം.മനീഷ്, എസ്.വിഷ്ണു, മിഥുൻ, എം.ജെ. അലി, ഗഫൂർ, എസ്.അനിൽകുമാർ, പ്രദീപ് കുമാർ എന്നിവർ ചേർന്ന് ലോറിയുടെ ബാറ്ററി ബന്ധം വേർപ്പെടുത്തി സുരക്ഷിതമാക്കിയാണ് രക്ഷാപ്രവർത്തനം ഊർജിതമാക്കിയത്. മുഖത്തെ എല്ലുകൾക്ക് പൊട്ടലേറ്റ ശ്രീകുമാറിന്റെ പരിക്ക് ഗുരുതരമാണ്.