തെരുവുനായ കടിച്ച പശു തളർന്നുവീണു : പേ വിഷബാധയുണ്ടെന്ന് സംശയം
1511282
Wednesday, February 5, 2025 4:43 AM IST
തിരുമാറാടി: തെരുവുനായയുടെ ആക്രമണത്തെ തുടർന്ന് ചികിത്സയിലിരുന്ന പശു തളർന്നു വീണു. തിരുമാറാടി കാക്കൂർ കാവുപ്പിള്ളിൽ സന്തോഷിന്റെ ഏഴു മാസം ചെനയുള്ള പശുവാണ് തെരുവുനായ കടിച്ചതിനെ തുടർന്ന് പേവിഷബാധയുടെ ലക്ഷണങ്ങളുമായി വൈകുന്നേരം ബോധരഹിതയായത്ന്നു. കഴിഞ്ഞ 17ന് രാത്രി 11.30നാണ് തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ നായ കടിച്ചത്. പശുവിന്റെ മുഖത്താണ് കടിയേറ്റത്.
ശബ്ദം കേട്ട് സന്തോഷ് ഓടിയെത്തിയപ്പോഴേയ്ക്കും പശുവിന്റെ മുഖത്ത് കടിച്ചതിനുശേഷം നായ ഓടിപ്പോയി. കടിയേറ്റ ഭാഗം സന്തോഷ് നന്നായി സോപ്പിട്ട് കഴുകി. പിറ്റേദിവസം വാക്സിനും ഇഞ്ചക്ഷനും നൽകി. തുടർച്ചയായ നാലുദിവസങ്ങളിൽ പശുവിന് വാക്സിനേഷനും നൽകിയിരുന്നു.
എന്നാൽ ഇന്നലെ രാവിലെ പശു നാക്ക് പുറത്തേക്കിട്ട് വായിൽനിന്നും വെള്ളമൊഴുക്കിയും തലയാട്ടിയും ബഹളം ഉണ്ടാക്കുകയുമായിരുന്നു. വൈകുന്നേരത്തോടെ കെട്ടിയിരുന്ന കന്പ് ഇളക്കി തൊഴുത്തിന് പുറത്തുചാടിയ പശു തളർന്നു വീണു.
തിരുമാറാടി വെറ്ററിനറി ആശുപത്രിയിലെ സർജൻ ഷിബു തങ്കച്ചൻ സ്ഥലത്തെത്തി പരിശോധന നടത്തി. പേവിഷബാധയേറ്റതാകാൻ സാധ്യതയുണ്ടെന്നും എന്നാൽ ഇത് സ്ഥിരീകരിക്കാറായിട്ടില്ലെന്നും ഡോക്ടർ പറഞ്ഞു. പഞ്ചായത്തിലെ മറ്റു സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ് പറഞ്ഞു.