ലക്ഷ്യത്തിലെത്താതെ "നേര്‍വഴി'
1511241
Wednesday, February 5, 2025 4:00 AM IST
കൊച്ചി: ജില്ലയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയാഗം വിദ്യാര്‍ഥികളിലേക്ക് കടക്കുമ്പോഴും എക്സൈസ് വകുപ്പിന്റെ "നേര്‍വഴി' ലക്ഷ്യം കാണാതെ പതറുന്നു. ലഹരിയിലേക്കു തിരിയുന്ന വിദ്യാര്‍ഥികളില്‍ പ്രാഥമിക ഇടപെല്‍ എന്ന നിലയിലാണ് എക്സൈസ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മെഡിക്കല്‍ വിദ്യാര്‍ഥിയുടെ പക്കല്‍ നിന്നടക്കം ലഹരി പിടികൂടിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവന് വച്ചില്ല.
ജില്ലയിലെ കാമ്പസുകളില്‍ ഇടനിലക്കാര്‍ മുഖേന ലഹരി എത്തുന്നതായി എക്സൈസ് തന്നേ സ്ഥിരീകരിക്കുമ്പോഴാണ് ഇതിനെതിരെ പ്രവര്‍ത്തിക്കേണ്ട പദ്ധതി നിര്‍ജീവമായിരിക്കുന്നത്. ലഹരി ഉപയോഗംമൂലം സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ആദ്യം തിരിച്ചറിയാനാവുക അധ്യാപകര്‍ക്കാണ്. അവര്‍ക്ക് നേരിട്ട് ഇടപെടാനോ പ്രതികരിക്കാനോ സാധിക്കാത്ത സാഹചര്യത്തില്‍ നേര്‍വഴി പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ച നമ്പറിലേക്ക് രഹസ്യമായി വിവരങ്ങള്‍ കൈമാറാം.
അതനുസരിച്ച് വിമുക്തി ജില്ല മാനേജര്‍മാര്‍ വഴി പരിശീലനം ലഭിച്ച വിമുക്തി മെന്റര്‍ മുഖേന വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക കൗണ്‍സലിംഗ് നല്കുന്നതുമാണ് പദ്ധതി. ആവശ്യമെങ്കില്‍ വിദഗ്ധ കൗണ്‍സലിംഗ്, ചികിത്സ അടക്കം നല്‍കാനും പദ്ധതി വിഭാവനം ചെയ്യുന്നു. വേണ്ടത്ര പ്രചാരണമോ അവബോധമോ സ്കൂള്‍ കോളജ് അധികൃതരുടെ താല്പര്യമില്ലായ്മയോ മൂലമാണ് പദ്ധതി വേണ്ട വിധത്തില്‍ പ്രയോജനപ്പെടാതെ പോകുന്നതെന്നും അക്ഷേപമുണ്ട്.