തൃക്കാക്കരയിൽ ഡിസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടും രാജിവയ്ക്കില്ലെന്ന നിലപാടിൽ ക്ഷേമകാര്യ അധ്യക്ഷ
1511263
Wednesday, February 5, 2025 4:23 AM IST
കാക്കനാട് : തൃക്കാക്കര നഗരസഭയിൽ ഐ ഗ്രൂപ്പിലും ഭിന്നത ശക്തമാവുന്നു. ഡിസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടും രാജിക്ക് തയാറാവാത്ത ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുനീറ ഫിറോസിനെതിരെഅച്ചടക്കനടപടിക്കൊരുങ്ങുകയാണ് ഡിസിസി നേതൃത്വം.
രണ്ടര വർഷത്തിനു ശേഷം ക്ഷേമകാര്യ അധ്യക്ഷ പദവി ഐ ഗ്രൂപ്പിലെ തന്നെ ഹസീന ഉമ്മറിന് കൈമാറണമെന്ന ഡിസിസി നേതൃത്വത്തിന്റെ നിർദ്ദേശം ഇതുവരെ നടപ്പായില്ലെന്ന ആക്ഷേപം ഐ ഗ്രൂപ്പിലെ കൗൺസിലർമാർക്കിടയിൽ ശക്തമാണ്.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പദവി ഹസീന ഉമ്മറിനു കൈമാറാമെന്ന വ്യവസ്ഥ പാലിക്കാൻ നിലവിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ തയാറാവാത്തത് പാർട്ടി ബ്ലോക്ക് നേതൃത്വത്തേയും വെട്ടിലാക്കിയിരിക്കുകയാണ്.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് രാജി വക്കാൻ നിർദ്ദേശിച്ചിട്ടും, ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് തൃക്കാക്കര ബ്ലോക് പ്രസിഡണ്ട് റാഷിദ് ഉള്ളംപിള്ളി സുനീറ ഫിറോസിന് ഔദ്യോഗികമായി കത്തുനൽകിയിട്ടും സുനീറ രാജി സന്നദ്ധത അറിയിച്ചിട്ടില്ല.
അതേസമയം പാർട്ടി നേതൃത്വത്തിന്റെ തീരുമാനമെന്തായാലും പാർട്ടിക്കൊപ്പം നിൽക്കുമെന്നും പദവിയേക്കാൾ പ്രാധാന്യം പാർട്ടിക്കാണെന്നും ഹസീന ഉമ്മർ പറഞ്ഞു.