കാൻസർ ദിനാചരണം സംഘടിപ്പിച്ചു
1511255
Wednesday, February 5, 2025 4:16 AM IST
ആലുവ: രോഗപ്രതിരോധ നടപടികൾക്കൊപ്പം രോഗസാധ്യതകളെ നേരത്തേ അറിയേണ്ടതും കാൻസറിനെതിരെയുള്ള പോരാട്ടത്തിൽ നിർണായകമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ പറഞ്ഞു.
എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ ചൂണ്ടി സഹൃദയ, ഭാരതമാതാ കോളജ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കാൻസർ ദിനാചരണവും സ്തനാർബുദ സാധ്യതാ പരിശോധനാ ക്യാമ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റാർ ഹെൽത്ത് കമ്പനിയുമായി സഹകരിച്ച് സഹൃദയ നടപ്പാക്കുന്ന ആശ്വാസ് മെഡിക്കൽ ഇൻഷ്വറൻസ് പുതിയ പോളിസിയുടെ ഉദ്ഘാടനവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു.
ചൂണ്ടി പയസ് ടെൻത് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തു വെള്ളിൽ അധ്യക്ഷനായിരുന്നു. കാൻസർ അതിജീവിതരായവരെ ഭാരതമാതാ കൊമേഴ്സ് ആൻഡ് ആർട്സ് കോളജ് ഡയറക്ടർ ഫാ. ജേക്കബ് പുതുശേരി ആദരിച്ചു. ഭാരതമാതാ കോളജ് ഓഫ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ കേശദാനം നടത്തിയവർക്ക് ഉപഹാരങ്ങൾ നൽകി.
സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, സഹൃദയ പ്രമോട്ടർ സിസ്റ്റർ ആൻസി മണിയങ്കോട്ട്, ഡയ്സി സെബാസ്റ്റ്യൻ, പ്രസന്ന പ്രകാശൻ, ഷൈജി സുരേഷ് എന്നിവർ സംസാരിച്ചു.
കാൻസർ ബോധവത്കരണ സെമിനാർ ഡോ. ഉഷസ് നയിച്ചു. സ്തനാർബുദ സാധ്യതാ നിർണയ പരിശോധനകൾക്ക് ഡി ലാബ്സിലെ വിദഗ്ധർ നേതൃത്വം നൽകി.