ജീവനക്കാരിയോട് അപമര്യാദ; ട്രാവല്‍സ് ഉടമ റിമാൻഡിൽ
1511249
Wednesday, February 5, 2025 4:16 AM IST
കൊച്ചി: ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ ട്രാവല്‍സ് ഉടമയെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം പുതിയ റോഡ് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ട്രാവല്‍ വിഷന്‍ ഹോളിഡേയ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമ മലപ്പുറം വളാഞ്ചേരി അത്തിപ്പറ്റ ചേലത്ത് പട്ടമ്മാര്തൊടി വീട്ടില്‍ അലി അക്ബറാണ് അറസ്റ്റിലായത്.
എറണാകുളത്ത് വര്‍ഷങ്ങളായി ട്രാവല്‍സ് സ്ഥാപനം നടത്തിവരുന്ന പ്രതിക്കെതിരെ ജീവനക്കാരി യുവതി നല്കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.
2019ല്‍ കടവന്ത്രയില്‍ സ്ഥാപനം നടത്തിവരവെ പ്രതി വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ കോടതിയില്‍നിന്ന് ശിക്ഷാവിധി വരാനിരിക്കെയാണ് പ്രതി വീണ്ടും കുറ്റകൃത്യം ആവര്‍ത്തിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
പാലാരിവട്ടം ഇന്‍സ്പെക്ടര്‍ കെ.ആര്. രൂപേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.