ബ്യൂട്ടിപാര്‍ലർ ഉടമയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ പ്രതിയുടെ വീട്ടിൽ റെയ്ഡ്
1511239
Wednesday, February 5, 2025 4:00 AM IST
തൃപ്പൂണിത്തുറ: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ കേസിൽ പ്രതിയായ നാരായണദാസിന്റെ വീട്ടിൽ എക്സൈസ് ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തി.
ഇന്നലെ വൈകിട്ടാണ് തൃപ്പൂണിത്തുറ എരൂരിലെ വീട്ടിൽ റെയ്ഡ് നടന്നത്. ഷീല സണ്ണിയുടെ ബന്ധുവായ പെൺകുട്ടിയുടെ ആവശ്യപ്രകാരം ഷീല സണ്ണിയുടെ സ്കൂട്ടറിൽ മയക്കുമരുന്നിന് സമാനമായ വസ്തു വച്ച് കേസിൽ കുടുക്കിയ സംഭവത്തിലാണ് എക്സൈസ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നടപടി.
സംഭവത്തെ തുടർന്ന് 72 ദിവസം ജയിലിലായ ഷീല സണ്ണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയത്. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിക്കുകയും ഏഴു ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന നിർദേശവും നൽകിയിരുന്നു.
ഇതേ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. ഒളിവിലായ ഇയാൾ സുപ്രീംകോടതിയിൽ ജാമ്യത്തിനായുള്ള നീക്കത്തിലാണെന്ന് പറയുന്നു.