സർക്കാരും നാടും കൈകോർക്കും; കുറുങ്കോട്ട ദ്വീപിലേക്കു പാലം വരും
1511251
Wednesday, February 5, 2025 4:16 AM IST
കൊച്ചി: മെട്രോ നഗരമായ കൊച്ചിയോടു ചേർന്നുള്ള പ്രദേശമെങ്കിലും പുറംലോകവുമായി ബന്ധപ്പെടാൻ ആകെയുള്ളത് ഒരു വഞ്ചി..! ചേരാനല്ലൂർ പഞ്ചായത്തിലെ കുറുങ്കോട്ട ദ്വീപ് നിവാസികൾ കാലങ്ങളായി നേരിടുന്ന ഈ ദുര്യോഗത്തിനു പരിഹാരമായി പാലം വരുന്നു.
വടുതലയിൽ നിന്നു കുറുങ്കോട്ട ദ്വീപിലേക്കുള്ള പാലത്തിന് പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി അനുമതിയായി. 130 മീറ്റർ നീളത്തിൽ പാലവും 1.5 കിലോമീറ്റർ നീളത്തിൽ കുറുങ്കോട്ടദ്വീപ് ഭാഗത്തുള്ള അപ്രോച്ച് റോഡുമാണ് നിർമിക്കുക. അപ്രോച്ച് റോഡിനായി ഏതാനും പ്രദേശവാസികൾ ആറു മീറ്റർ വീതിയിൽ ഭൂമി വിട്ടു നൽകാൻ സന്നദ്ധതയറിയിച്ചിട്ടുണ്ട്. ഇത് എട്ടു മീറ്ററാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്.
നിലവിൽ അനുമതി ലഭിച്ച പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തദ്ദേശസ്വയംഭരണ വകുപ്പ് തയാറാക്കും. നിർവഹണ ചുമതലയും വകുപ്പിനാണ്. പദ്ധതിക്കായി 15 കോടി രൂപയാണ് വകയിരുത്തുക. പ്രോജക്ട് റിപ്പോർട്ട് തയാറാക്കി ഭരണ, സാങ്കേതിക അനുമതികൾ ലഭിച്ചാൽ ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കും. എട്ടു മാസം കൊണ്ടു പാലം നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്നു ടി.ജെ. വിനോദ് എംഎൽഎ അറിയിച്ചു.
മനോഹരമാണ് കുറുങ്കോട്ട
കൊച്ചിയിലെ മനോഹരമായ കാഴ്ചകളിലൊന്നാണ് കുറുങ്കോട്ട ദ്വീപ്. നഗരത്തോടു ചേർന്നു തികച്ചും ഗ്രാമീണാന്തരീക്ഷമുള്ള പ്രദേശം. പക്ഷേ പ്രദേശവാസികൾക്ക് ആശുപത്രിയിലേക്കോ മറ്റ് ആവശ്യങ്ങൾക്കോ കൊച്ചിയിലേക്ക് വരാൻ വാഹനയാത്രയ്ക്കു മാർഗങ്ങൾ ഇല്ല.
പാലം വേണമെന്ന ആവശ്യവുമായി അധികാരികൾക്കു മുന്നിൽ നിവേദനങ്ങളും സമരങ്ങളും നടത്തി പ്രദേശവാസികൾ മടുത്തു. തോമസ് ഐസക് ധനകാര്യമന്ത്രിയായിരുന്നപ്പോൾ ബജറ്റിൽ പാലത്തിനു പണം അനുവദിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി മുടങ്ങിയിരുന്നു.