മലയാളിയുടെ വലിച്ചെറിയൽ മനോഭാവം വിട്ടുമാറിയിട്ടില്ല: കടുത്ത നടപടികളിലേക്കെന്ന് മന്ത്രി എം.ബി. രാജേഷ്
1511242
Wednesday, February 5, 2025 4:00 AM IST
ആലുവ: മാലിന്യ സംസ്കരണത്തിന് സ്ഥിരം സംവിധാനങ്ങളും സൗകര്യങ്ങളും നടപ്പിലാക്കിയിട്ടും മലയാളിയുടെ വലിച്ചെറിയൽ മനോഭാവം വിട്ടുമാറിയിട്ടില്ലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്.
54 ദിവസത്തിനുള്ളിൽ കേരളത്തെ മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണെന്നും കടുത്ത നടപടികൾ പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ആലുവ നഗരസഭ ഓഫീസ് വളപ്പിൽ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യ റോബോട്ടിക് ബയോവേസ്റ്റ് മാനേജിംഗ് എക്സ്പീരിയൻസ് എയർ കണ്ടീഷൻ പബ്ലിക് ബൂത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വീടുകളിൽ വാതിൽപ്പടി പ്ലാസ്റ്റിക് മാലിന്യശേഖരണം സംസ്ഥാനത്ത് 89 ശതമാനമായി. എറണാകുളം ജില്ലയിൽ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൂറുശതമാനം വിജയം കൈവരിച്ചു. ഹരിത കർമ സേനയ്ക്ക് പ്രതിമാസ തുക നൽകാതിരിക്കാൻ ആർക്കുമാകില്ലെന്നും മുനിസിപ്പൽ, പഞ്ചായത്ത് സേവനങ്ങൾ തുടർന്ന് ലഭിക്കണമെങ്കിൽ ഫൈനോടു കൂടി തുക നൽകേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
മാലിന്യം വലിച്ചെറിഞ്ഞാൽ പിഴ ഈടാക്കണം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മടി കാണിച്ചാൽ അതാത് മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും തുക നൽകേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ചടങ്ങിൽ അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. സംവിധായകൻ കമൽ മുഖ്യാതിഥിയായി. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, റോബോബിൻ പ്രോജക്ട് മാനേജർ ശ്രീദേവ് സോമൻ, മുനിസിപ്പൽ സെക്രട്ടറി പി.ജെ. ജെസിത എന്നിവർ സംസാരിച്ചു.
എടിഎം കൗണ്ടർ മാതൃകയിലുള്ള ശീതീകരിച്ച റോബോബിൻ ബൂത്ത് ഇത്തരത്തിൽ രാജ്യത്തു തന്നെ ആദ്യ സംരംഭമാണഅ. റോബോബിൻ ഇക്കോ സിസ്റ്റമാണ് നഗരസഭയുമായി സഹകരിച്ച് ബൂത്ത് രൂപകല്പന ചെയ്തത്. പരീക്ഷണാർത്ഥം സൗജന്യമായാണ് സ്ഥാപിച്ചിരിക്കുന്നത്. നഗരസഭയിലെ കാന്റീൻ മാലിന്യമാണിതിൽ സംസ്കരിക്കുന്നത്.