സ്റ്റേഡിയം വികസനം; സ്ഥലമേറ്റെടുക്കാൻ 4.89 കോടി
1511270
Wednesday, February 5, 2025 4:33 AM IST
കൂത്താട്ടുകുളം: മണിമലക്കുന്ന് ടി.എം. ജേക്കബ് മെമ്മോറിയൽ ഗവ. കോളജിന്റെ സ്റ്റേഡിയം വികസിപ്പിക്കുന്നതിന് സ്ഥലമേറ്റെടുക്കാൻ 4.89 കോടി അനുവദിച്ചു. കോളജ് വിദ്യാഭ്യാസ വകുപ്പ് 2024-25 സാന്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.
സ്റ്റേഡിയം നിർമാണ കമ്മിറ്റി ചെയർമാൻ മുൻ എംഎൽഎ എം.ജെ. ജേക്കബ്, സിപിഎം ഏരിയ സെക്രട്ടറിയും മഹാത്മാ ഗാന്ധി സർവകലാശാല സിൻഡിക്കേറ്റംഗവുമായ പി.ബി. രതീഷ് എന്നിവർ ഇതുസംബന്ധിച്ച് അധികൃതർക്ക് നിവേദനം നൽകിയിരുന്നു.
നിലവിലെ സ്റ്റേഡിയത്തിനു സമീപമുള്ള ഒന്നര ഏക്കർ സ്ഥലമാണ് എറ്റെടുക്കുക. സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായാൽ സ്റ്റേഡിയം സിന്തറ്റിക് ട്രാക്കോടെ ആധുനികവൽക്കരിക്കാൻ 12.5 കോടിയുടെ എസ്റ്റിമേറ്റ് കായിക വകുപ്പിന്റെ പരിഗണനയിലുണ്ട്.
എം.ജെ. ജേക്കബ്, കെ.സി. സക്കറിയ, തോമസ് മത്തായി പള്ളിപ്പാട്ട് എന്നിവർ ഭാരവാഹികളായി 1974ൽ ആരംഭിച്ച റൂറൽ എഡ്യുക്കേഷൻ സൊസൈറ്റിയാണ് കോളജിന്റെ തുടക്കക്കാർ. 2010ൽ എം.ജെ. ജേക്കബ് എംഎൽഎ ഫണ്ടിൽനിന്നു ഒരു കോടി മുടക്കിയാണ് ഇപ്പോഴത്തെ സ്റ്റേഡിയം നിർമിച്ചത്.