എംഡിഎംഎയുമായി യുവാവിനെ പിടികൂടി
1511246
Wednesday, February 5, 2025 4:16 AM IST
കൊച്ചി: വില്പനയ്ക്കെത്തിച്ച 9.290 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കാക്കനാട് ഇടച്ചിറ ഇടച്ചിറക്കല് വീട്ടില്‍ അന്‍സാറി (31)നെയാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.പി. പ്രമോദും സംഘവും ചേര്‍ന്ന് പിടികൂടിയത്.
കാക്കനാട് വെസ്റ്റ് സാറ്റലൈറ്റ് ടൗണ്‍ഷിപ്പ് ഫസ്റ്റ് അവന്യൂ റോഡില്‍ നടത്തിയ പരിശോധനയിലാണ് ബൈക്കില്‍ വില്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി പ്രതി പിടിയിലായത്. എറണാകുളം, കാക്കനാട് നഗരപ്രദേശങ്ങളിലെ റിസോട്ടുകളിലും അപ്പാര്‍ട്ടുമെന്റുകളിലും താമസിച്ച് യുവാക്കള്‍ക്കും ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇയാള്‍ ലഹരിമരുന്ന് എത്തിച്ചുനല്‍കുകയായിരുന്നു.
ലഹരിമരുന്ന് വിറ്റു കിട്ടുന്ന പണം ആഡംബര ജീവിതം നയിക്കാനാണ് പ്രതി ഉപയോഗിച്ചിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ക്ക് എംഡിഎംഎ എത്തിച്ചു കൊടുത്തവരെക്കുറിച്ചും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.