‘ബ്രഹ്മപുരം: മേയറും മന്ത്രിയും ജനങ്ങളെ വിഡ്ഢികളാക്കുന്നു’
1511243
Wednesday, February 5, 2025 4:00 AM IST
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് തദ്ദേശ സ്വയം ഭരണമന്ത്രിയും, കൊച്ചി മേയറും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍. മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ മാലിന്യ പ്ലാന്റ് സന്ദര്‍ശിച്ച ശേഷമാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ സ്ഥിതി വിലയിരുത്തിയത്.
മാലിന്യ കൂമ്പാരങ്ങള്‍ക്കിടയില്‍ ക്രിക്കറ്റ് കളിച്ച് ജനങ്ങളെ വിഢികളാക്കുകയാണ് മന്ത്രിയെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. കൊച്ചി നഗരത്തിലെ 230 ടണ്‍ ജൈവമാലിന്യം ഒരു ദിവസം ബ്രഹ്മപുരത്ത് എത്തിക്കുമ്പോള്‍ വെറും 75 ടണ്‍ മാത്രമാണ് നിലവില്‍ മാലിന്യ സംസ്കരണം ബിഎസ്എഫ് പ്ലാന്റില്‍ നടക്കുന്നത്.
തീപിടുത്തത്തിന് ശേഷം നഗരത്തിലെ ജൈവമാലിന്യങ്ങള്‍ ബ്രഹ്മപുരം പദ്ധതി പ്രദേശത്ത് സംസ്കരണം നടത്താതെ തള്ളുകയാണെന്നും, നിലവില്‍ വിന്‍ഡ്രോ കമ്പോസ്റ്റ് പ്ലാന്റ് ഉണ്ടായിരുന്ന പ്രദേശത്തും ബയോമൈനിംഗ് ഏരിയ ഒന്നിലും സംസ്കരിക്കാത്ത ജൈവമാലിന്യങ്ങള്‍ തള്ളി പ്രദേശം ഭീമമായ ജൈവ മാലിന്യ കൂമ്പാരമാകുകയും ചെയ്തതായി കൗണ്സിര്മാര് കുറ്റപ്പെടുത്തി.
മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുമ്പോള്‍ റോഡില്‍ മാലിന്യം നിക്ഷേപിച്ച് ജെസിബി കൊണ്ട് വശങ്ങളിലേക്ക് തള്ളിനീക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ ബ്രഹ്മപുരത്ത് നടക്കുന്നത്. ഇതൊക്കെ മറച്ചുവച്ച് സിബിജി പ്ലാന്റിന് അനുവദിച്ച സ്ഥലത്ത് മന്ത്രിയും മേയറും ക്രിക്കറ്റ് കളിച്ച് ബ്രഹ്മപുരം കളിസ്ഥലമായി എന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരിത്തറ പറഞ്ഞു.