ബ്ലോക്കിന് വിട : അരൂര്‍-തേവര റൂട്ടില്‍ യാത്രാബോട്ടെത്തുന്നു
1511238
Wednesday, February 5, 2025 4:00 AM IST
കൊച്ചി: അരൂര്‍-തുറവൂര്‍ മേഖലയില്‍ എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണം മൂലമുള്ള ഗതാഗതക്കുരുക്കില്‍നിന്ന് രക്ഷനേടാന്‍ ഇനിമുതല്‍ വെള്ളത്തിലൂടെ സഞ്ചരിക്കാം. പരീക്ഷണയോട്ടം നടത്തി പരാജയപ്പെട്ട തേവര ജെട്ടി- അരൂക്കുറ്റി- പാണാവള്ളി ബോട്ട് സര്‍വീസ് തടസങ്ങള്‍ നീക്കി എട്ടിന് ആരംഭിക്കുന്നതോടെയാണിത്.
ബദല്‍ മാര്‍ഗം ഒരുങ്ങിയതോടെ പ്രദേശത്തുനിന്നും കൊച്ചി നഗരത്തിലേക്കടക്കം വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് ഇനി കുരുക്കില്‍ കിടക്കാതെ കൃത്യസമയത്ത് യഥാസ്ഥാനങ്ങളില്‍ എത്താനാകും. 50 സീറ്റിന്റെ ഡീസല്‍ ബോട്ടാണ് സര്‍വീസ് നടത്തുക. ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ കായലിലെ ചെളി കോരിമാറ്റുന്ന നടപടികള്‍ അവസാനഘട്ടത്തിലാണ്.
ബോട്ട് സര്‍വീസ് പരിഗണനയിലെത്തിയതിന് പിന്നാലെ ജലഗതാഗത വകുപ്പ് പാതയില്‍ ട്രയല്‍ റണ്‍ നടത്തി. ഏതാനും ചില സ്ഥലങ്ങളില്‍ ആഴം തീരെ കുറവാണെന്ന് കണ്ടെത്തിയിരുന്നു. ഈ പാത സഞ്ചാരയോഗ്യമാക്കുന്നത് സംബന്ധിച്ച് ജലസേചന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു.
കാര്യമായ നടപടി ഉണ്ടാകാതിരുന്നതിനിടെ ജലഗതാഗത വകുപ്പ് നടത്തിയ പരീക്ഷണ യാത്രയില്‍ ബോട്ട് ഒന്നിലധികം സ്ഥലങ്ങളില്‍ കുടുങ്ങുകയും ചെയ്തു. ഇതോടെ താത്കാലികമായി നീക്കം ഉപേക്ഷിച്ചെങ്കിലും അരൂര്‍ എംഎല്‍എ ദലീമ ജോജോ മന്ത്രിയുടെ ശ്രദ്ധയില്‍ വിഷയം എത്തിച്ചതോടെയാണ് ഇതിന് വീണ്ടും ജീവന് വച്ചത്.
എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണം മൂലം എറണാകുളത്തു നിന്ന് തുറവൂര്‍വരെ എത്തണമെങ്കില്‍ മണിക്കൂറുകള്‍ വേണ്ട അവസ്ഥയായിരുന്നു. വിദ്യാര്‍ഥികളും ജോലിക്കാരുമടക്കം നിരവധി പേരാണ് ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് യഥാസ്ഥാനങ്ങളില്‍ കൃത്യസമയത്ത് എത്താന്‍ കഴിയാതിരുന്നത്.