കഞ്ചാവുമായി ബംഗാളി ദന്പതികൾ കുടുങ്ങി
1511247
Wednesday, February 5, 2025 4:16 AM IST
പെരുമ്പാവൂർ: കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ ദമ്പതികളെ കുന്നത്തുനാട് എക്സൈസ് സംഘം പിടികൂടി. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ മോട്ടിലാൽ മുർമു (29), ഭാര്യ ഹൽഗി ഹസ്ദ (35) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും താമസിച്ചിരുന്ന പെരുമ്പാവൂർ കാഞ്ഞിരക്കാട്ടെ വാടക വീട്ടിൽ നിന്ന് 9.483 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
കഞ്ചാവ് ചാക്കിൽ കെട്ടിയാണ് സൂക്ഷിച്ചിരുന്നത്. ഇവരുടെ പക്കൽ നിന്ന് കഞ്ചാവ് വില്പന നടത്തി ലഭിച്ച 50,000 രൂപയും എക്സൈസ് പിടിച്ചെടുത്തു. പശ്ചിമ ബംഗാളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി പെരുന്പാവൂരിൽ എത്തിച്ച് ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ വില്പന നടത്തുന്നതാണ് പ്രതികളുടെ രീതിയെന്ന് എക്സൈസ് പറഞ്ഞു. ഇവർക്ക് പിന്നിൽ മലയാളികൾ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നും എക്സൈസ് അന്വേഷിച്ച് വരികയാണ്.
കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർമാരായ സലീം യൂസഫ്, സി.എൻ. രാജേഷ്, എൻ.കെ. മണി, സിവിൽ എക്സൈസ് ഓഫീസർമാരായ ജിതിൽ ഗോപി, പി.ആർ. അനുരാജ്, എം.ആർ. രാജേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീലക്ഷ്മി വിമൽ, ഡ്രൈവർ ബെന്നി പീറ്റർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.