നെടുന്പാശേരി വിമാനത്താവളത്തിൽ
1508243
Saturday, January 25, 2025 4:00 AM IST
‘തമാശ ബോംബ്' പൊല്ലാപ്പായി; സ്ലോവാക്യൻ പൗരൻ കുടുങ്ങി
നെടുമ്പാശേരി : രാജ്യാന്തര വിമാനത്താവളത്തില്‍ ചെക്ക് -ഇന്‍ ചെയ്യുന്നതിനിടെ കൈയിലുള്ള പവർ ബാങ്ക് ബോംബ് ആണെന്ന് പറഞ്ഞ സ്ലോവാക്യൻ പൗരൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പോകാനെത്തിയ റെപൻ മാറെക്കാണ് പിടിയിലായത്. ചെക്ക് ഇന്‍ ചെയ്യുന്നതിനായി കൈയിലുണ്ടായിരുന്ന പവര്‍ ബാങ്ക് കൗണ്ടറില്‍ വച്ചു.
ഇത് എന്താണെന്ന് ചോദിച്ച എയര്‍ ഇന്ത്യ ജീവനക്കാരനോടാണ് തമാശയായി ബോംബ്’ ആണെന്നു പറഞ്ഞത്. ജീവനക്കാരന് വളരെ ഗൗരവത്തോടെയെടുത്ത ഈ തമാശയാണ് യാത്രക്കാരന് പൊല്ലാപ്പായത്. ജീവനക്കാരന് വിവരം നേരെ സുരക്ഷാവിഭാഗത്തിനു റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷാ വിഭാഗം ഇയാളെ പിടികൂടി ബാഗും മറ്റും വിശദമായ പരിശോധനകള്‍ നടത്തിയ ശേഷം നെടുമ്പാശേരി പോലീസിനു കൈമാറി. വിമാനത്താവളത്തിലെ ബോംബ് ത്രെട്ട് അസെസ്മെന്റ് കമ്മിറ്റി ക്രമപ്രകാരം യോഗം ചേര്‍ന്നാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. മാറെകിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
റദ്ദാക്കിയ ടിക്കറ്റുമായി ടെർമിനലിൽ; ആലപ്പുഴ സ്വദേശി അറസ്റ്റിൽ
നെടുമ്പാശേരി: റദ്ദാക്കിയ ടിക്കറ്റുമായി രാജ്യാന്തര ടെർമിനലിൽ പ്രവേശിച്ചയാളെ വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം പിടികൂടി. ആലപ്പുഴ സ്വദേശി ജോസഫ് മാത്യുവാണ് പിടിയിലായത്.
ഇയാൾ എമിറേറ്റ്സ് വിമാനത്തിൽ ദുബൈയിലേക്ക് പോകുന്നതിനായി നേരത്തേ ടിക്കറ്റ് എടുക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്തു. ഈ ടിക്കറ്റുമായി ഇയാളുടെ മാതൃസഹോദരൻ റെജിയെ ദുബായിലേക്ക് യാത്രയാക്കുന്നതിന് അനധികൃതമായി രാജ്യാന്തര ടെർമിനലിൽ പ്രവേശിക്കുകയായിരുന്നു. വീൽ ചെയറിലായിരുന്ന ബന്ധുവിനെ സഹായിക്കാനാണ് ടെർമിനലിൽ പ്രവേശിച്ചതെന്നാണ് പോലീസിനോട് ജോസഫ് പറഞ്ഞത്.
ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിമാനത്താവളത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.
റൺവേയിലേക്ക് മതിൽ ചാടിക്കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ
നെടുമ്പാശേരി : രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേയിലേക്ക് മതിൽ ചാടിക്കടക്കാൻ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. എയർ ട്രാഫിക് കൺട്രോൾ ടവറിന് സമീപത്തെ മതിൽ ചാടാൻ ശരിക്കുന്നതിനിടെ തമിഴ്നാട് സ്വദേശിയാണ് സിഐഎസ്എഫിന്റെ പിടിയിലായത്. പിന്നീട് ഇയാളെ നെടുമ്പാശേരി പോലീസിന് കൈമാറി.
തിരിച്ചറിയൽ രേഖകളൊന്നും ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല. പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. മനോദൗർബല്യം ഉണ്ടെന്ന് കരുതുന്ന ഇയാളെ പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.