ചേന്ദമംഗലത്തെ കൂട്ടക്കൊല: പ്രതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ
1497141
Tuesday, January 21, 2025 7:14 AM IST
പറവൂർ: ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി ഋതുവിനെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പറവൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂന്നേകാലോടെ വടക്കേക്കര പോലീസ് കനത്ത സുരക്ഷയിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 24 വരെയാണ് കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്. ജനങ്ങളുടെ യാതൊരു വിധ പ്രകോപനവും ഉണ്ടായില്ലെങ്കിലും പ്രതി പ്രകോപിതനായി കാണപ്പെട്ടു.
പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്യും. ജനരോഷം ഭയന്ന്, പേരേപ്പാടത്ത് കൊലപാതകം നടന്ന വീട്ടിൽ തെളിവെടുപ്പിന് എത്തിക്കുന്നത് എപ്പോഴെന്നത് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. പ്രതിയെ റിമാൻഡ് ചെയ്ത് കോടതിയിൽ നിന്നും പുറത്തിറക്കിയപ്പോൾ ശക്തമായ പ്രതിഷേധം ഉയരുകയും ആക്രമിക്കാൻ ശ്രമമുണ്ടാവുകയും ചെയ്തിരുന്നു.
സാഹസികമായിട്ടാണ് ഇയാളെ അന്ന് പോലീസ് ജീപ്പിൽ കയറ്റിയത്. ഞായറാഴ്ച പ്രതിയുടെ വീട് അടിച്ചു തകർക്കുകയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്ഥലത്ത് പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.
കാട്ടിപറമ്പിൽ വേണു (65), ഭാര്യ ഉഷ (58), മകൾ വിനീഷ(32) എന്നിവരാണ് ഇരുമ്പ് വടികൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിന്റെ നില ഗുരുതരാവസ്ഥയിൽ തുടരുകയാണ്.