കോടതിയലക്ഷ്യ നടപടിയുടെ ഭാഗമാകില്ലെന്ന് ഹൈക്കോടതി
1497137
Tuesday, January 21, 2025 7:14 AM IST
കൊച്ചി: കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയെന്ന് പറയുന്ന സംഭവം കോടതിയലക്ഷ്യ നടപടിയുടെ ഭാഗമാകില്ലെന്ന് ഹൈക്കോടതി. നഗരസഭയ്ക്ക് പുറത്താണ് സംഭവം നടന്നതെന്നും അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന ദിവസം പോലീസ് സംരക്ഷണം നല്‍കണമെന്ന നേരത്തെയുള്ള ഉത്തരവിന്റെ ലംഘനമാകില്ലെന്നും ജസ്റ്റീസ് സി.എസ്. ഡയസ് വ്യക്തമാക്കി. തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടതെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.
അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന ദിവസമായ ശനിയാഴ്ച സിപിഎം കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് പോലീസ് സംരക്ഷണം തേടി ഹര്‍ജി നല്കിയ നഗരസഭ പ്രതിപക്ഷ കൗണ്‍സിലര്‍ പ്രിന്‍സ് പോള്‍ ജോണ്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.
അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന ശനിയാഴ്ച ക്രമസമാധാനം ഉറപ്പാക്കണമെന്ന് പോലീസിന് കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് പാലിച്ചില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍, നഗരസഭയ്ക്ക് പുറത്ത് നടന്ന സംഭവങ്ങളുടെ പേരില്‍ കോടതി ഉത്തരവ് ലംഘിച്ചതായി കണക്കാക്കാനാവില്ലെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
സിപിഎം ജനകീയപ്രതിഷേധം ഇന്ന്
കൂത്താട്ടുകുളം : യുഡിഎഫിന്റെ ജനാധിപത്യ ധ്വംസനത്തിനും അക്രമ രാഷ്ട്രീയത്തിനുമെതിരെ ഇന്ന് വൈകുന്നേരം അഞ്ചിന് കൂത്താട്ടുകുളത്ത് ജനകീയ പ്രതിഷേധം നടത്തുമെന്ന് സിപിഎം. രാമപുരം കവലയില്‍ നിന്നാരംഭിക്കുന്ന പ്രതിഷേധറാലി ടൗണില്‍ സമാപിക്കും.
ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് ഉദ്ഘാടനം ചെയ്യും.
സിപിഎം അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം: ബെന്നി ബഹനാന് എംപി
കൂത്താട്ടുകുളം : കലാ രാജുവിന് സ്വന്തം പാര്‍ട്ടിയിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതിന്റെ കാരണം സിപിഎം ആത്മപരിശോധന നടത്തണമെന്ന് ബെന്നി ബഹനാന് എംപി ആവശ്യപ്പെട്ടു.
യുഡിഎഫ് നടത്തിയ പ്രതിഷേധ മാര്‍ച്ചും യോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം ചെയര്മാന് കെ.ആര്. ജയകുമാര്‍ അധ്യക്ഷത വഹിച്ചു.
രാഷ്ട്രീയ നാടകം അവസാനിപ്പിക്കണം: ബിജെപി
കൂത്താട്ടുകുളം: നഗരസഭയില്‍ അവിശ്വാസത്തിന്റെ പേരില്‍ എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന രാഷ്ട്രീയ നാടകം അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവത്തില്‍ വന്‍ വീഴ്ചയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ച സിപിഎം, യുഡിഎഫ് നിലപാടില്‍ ബിജെപി ശക്തമായി അപലപിച്ചു.
കഴിഞ്ഞ് നാലു വര്‍ഷമായി നഗരസഭയില്‍ എല്‍ഡിഎഫ് നടത്തുന്ന എല്ലാ അഴിമതികളിലും കെടു കാര്യസ്ഥതയിലും യുഡിഎഫിനും പങ്കാളിത്തമുണ്ടെന്ന് ബിജെപി മുന്‍സിപ്പല്‍ പ്രസിഡന്റ് എന്‍.കെ. വിജയന്, ജില്ലാ കമ്മറ്റിഅംഗം റോയി ഏബ്രഹാം എന്നിവര്‍ പറഞ്ഞു.
കൂത്താട്ടുകുളത്ത് നടന്നത് യുഡിഎഫ് കുതിരക്കച്ചവടം: സിപിഎം
കൂത്താട്ടുകുളം : എംഎല്‍എമാരായ മാത്യു കുഴൽനടന്‍, അനൂപ് ജേക്കബ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ഭാഗമായുള്ള നാടകമാണ് കൂത്താട്ടുകുളത്ത് നടന്നതെന്ന് സിപിഎം ഏരിയ സെക്രട്ടറി പി.ബി.രതീഷ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. കലാ രാജുവിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ മുതലെടുത്ത് ജനുവരി ആദ്യം മുതല്‍ പ്ലാന്‍ ചെയ്തു നടപ്പാക്കിയ അവിശ്വാസ നീക്കമാണ് പൊളിഞ്ഞത്. ഇതോടെ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയി എന്ന കഥ പ്രചരിപ്പിച്ചു.
കൂറുമാറി യുഡിഎഫിന് വോട്ടു ചെയ്താല്‍ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ പരിഹരിക്കാമെന്ന കോണ്‍ഗ്രസിന്റെ ഉറപ്പ് കല തന്നെ വെളിപ്പെടുത്തി. കുതിരക്കച്ചവടം നടന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്.
അവിശ്വാസ പ്രമേയ ദിവസം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ ലിസി ജോസ്, മരിയ ഗൊരേത്തി, മണ്ഡലം പ്രസിഡന്റ് റെജി ജോണ്‍ എന്നിവര്‍ക്കൊപ്പം കാറിലാണ് കലാ രാജു എത്തിയത്. ഏരിയ കമ്മിറ്റി ഓഫീസില്‍ വളരെ സൗഹാര്‍ദപരമായ അന്തരീക്ഷത്തിലാണ് ഒരു പകല്‍ കൗണ്‍സിലര്‍മാര്‍ തങ്ങിയത്. എല്‍ഡിഎഫിന്റെയും സിപിഎമ്മിന്റെയും തീരുമാനം കലാ രാജുവിനെ അറിയിക്കുകയും ആ തീരുമാനം അവര്‍ അംഗീകരിക്കുകയും ചെയ്തു. നഗരസഭയ്ക്ക് മുമ്പിലെത്തിയ കലാ രാജുവിനെ എല്‍ഡിഎഫ് തീരുമാനം അറിയിച്ചു. അവര്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പോന്നത് കോണ്‍ഗ്രസ് ഗുണ്ടകള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്.
പത്രസമ്മേളനത്തില്‍ എല്‍ ഡിഎഫ് നേതാക്കളായ സണ്ണി കുര്യാക്കോസ്, ഫെബീഷ് ജോര്‍ജ്, അരുണ്‍ അശോകന്, എ.എസ്. രാജന്, എ.കെ. ദേവദാസ്, നഗരസഭാധ്യക്ഷ വിജയ ശിവന് എന്നിവര്‍ പങ്കെടുത്തു.