പണമടങ്ങിയ ബാഗ് തട്ടിയെടുത്ത ഓട്ടോ ഡ്രൈവർ പിടയിൽ
1497127
Tuesday, January 21, 2025 7:13 AM IST
ആലുവ: വഴിയരികിൽ ഫോൺ ചെയ്തുനിന്ന കണ്ണൂർ സ്വദേശിയുടെ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത ഓട്ടോ ഡ്രൈവർ പിടയിലായി. പെരുമ്പാവൂർ മുടിക്കൽ മോളത്ത് വീട്ടിൽ അലി അക്ബർ (32)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ എട്ടിന് രാത്രി പന്ത്രണ്ടരയോടെ ആലുവ ബാങ്ക് ജംഗ്ഷനിലാണ് സംഭവം. വഴിയരികിൽ ഫോൺ ചെയ്തു നിൽക്കുന്ന കണ്ണൂർ സ്വദേശിയുടെ സമീപത്തേക്ക് ഓട്ടോ ഡ്രൈവർ എത്തുകയായിരുന്നു. കണ്ണൂർ സ്വദേശിയുമായി സംസാരിച്ച് സൗഹൃദം നടിച്ച ശേഷം പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്ന് കളഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ്പ്രതി പെരുമ്പാവൂരിൽ കുടുങ്ങിയത്.
നിരവധി സിസിടിവികളും ഓട്ടോറിക്ഷകളും പരിശോധിച്ചതിൽനിന്ന് ഓട്ടോറിക്ഷ മുടിക്കൽ സ്വദേശിയുടേതാണെന്ന് കണ്ടെത്തി. ഉടമ ഇയാൾക്ക് ഓടിക്കാൻ നൽകിയതായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടുണ്ട്. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കറങ്ങി പണം തട്ടുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.