വൈദ്യുതപോസ്റ്റുകൾ മാറ്റി സ്ഥാപിച്ചു തുടങ്ങി
1497108
Tuesday, January 21, 2025 6:49 AM IST
മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗര വികസനവുമായി ബന്ധപ്പെട്ട് കെഎസ്ഇബിയുടെ വൈദ്യുത പോസ്റ്റുകളും മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു. വള്ളക്കാലി ജംഗ്ഷനിലെ പോസ്റ്റുകളും ട്രാൻസ്ഫോമറുമാണ് ആദ്യഘട്ടത്തിൽ മാറ്റിയത്. നഗരത്തിലെ വ്യാപാരികളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഞായറാഴ്ചകളിലാണ് പോസ്റ്റ് ഷിഫ്റ്റിംഗ് നടത്തുന്നത്.
കൾവർട്ടിന്റെ പണികൾ ആരംഭിക്കുന്ന ഘട്ടത്തിൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പുകൾ പൊട്ടി കുടിവെള്ള വിതരണത്തിന് തടസമുണ്ടാകുന്ന സാഹചര്യം പരമാവധി ഒഴിവാക്കുന്നതിന്റെ ഭാഗമായി വാട്ടർ അഥോറിറ്റിയും കെആർഎഫ്ബിയും കോൺട്രാക്ടേഴ്സും ചേർന്നുള്ള സംയുക്ത പരിശോധന ഇന്നു നടത്തും. ഈ പരിശോധനയ്ക്കു ശേഷമാണ് ഏതു വിധേനയുള്ള എസ്കവേഷനാണ് പ്രായോഗികമാകുകയെന്ന് തീരുമാനിക്കുക. എസ്കവേഷൻ സമയത്ത് പൈപ്പുകൾക്ക് ഉണ്ടാകുന്ന ആഘാതം പരിഹരിക്കുന്നതിന് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചുവേണം മുന്നോട്ടുപോകാൻ എന്ന നിർദേശം എംഎൽഎ ഉദ്യോഗസ്ഥർക്ക് നൽകി.
പിറ്റിസിസിയുമായി ബന്ധപ്പെട്ട് കെഎസ്ഇബിക്കും ബിഎസ്എൻഎല്ലിനും നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കുന്നതിനായി ഉന്നതതല ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുള്ളതായും നഗരവികസനത്തിന് തടസമുണ്ടാകാത്ത രീതിയിൽ ആശങ്കകൾ പരിഹരിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളാമെന്ന് കെഎസ്ഇബി സിഎംഡി അറിയിച്ചിട്ടുള്ളതായും എംഎൽഎ പറഞ്ഞു. എംഎൽഎയുടെ നേതൃത്വത്തിൽ കെആർഎഫ്ബി, കെഎസ്ഇബി, ബിഎസ്എൻഎൽ, വാട്ടർ അഥോറിറ്റി, കെആർഎഫ്ബി വാട്ടർ അഥോറിറ്റി കോൺട്രാക്ടർമാർ എന്നിവരുമായി നടത്തുന്ന റിവ്യൂയോഗത്തിലാണ് തീരുമാനങ്ങൾ എടുത്തത്.