പെൻഷൻ നിഷേധിച്ചതായി പരാതി
1497112
Tuesday, January 21, 2025 6:50 AM IST
കരുമാലൂർ: കരുമാലൂർ പഞ്ചായത്തിൽ അനർഹർ ക്ഷേമ പെൻഷൻ കൈപ്പറ്റുമ്പോൾ അർഹതപ്പെട്ട പട്ടികജാതിക്കാരന്റെ പെൻഷൻ കരുമാല്ലൂർ പഞ്ചായത്ത് അധികാരികൾ നിഷേധിച്ചതായി പരാതി.
ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്കു പരാതി നൽകുമെന്നു പഞ്ചായത്ത് അംഗം എ.എം. അലി അറിയിച്ചു. കരുമാലൂർ പഞ്ചായത്ത് ഒന്നാം വാർഡ് മാട്ടുപുറം തൈപറമ്പിൽ സുരേഷിന്റെ വാർധക്യകാല പെൻഷനാണ് പഞ്ചായത്ത് സെക്രട്ടറിയുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും അലംഭാവം മൂലം നിഷേധിക്കപ്പെട്ടതെന്നു പരാതി ഉയർന്നിരിക്കുന്നത്.
കൂലിവേലക്കാരനായ സുരേഷിനു ഭാര്യയും രണ്ട് പെൺമക്കളുമാണ്. ഒരാളുടെ വിവാഹം കഴിഞ്ഞു. പഞ്ചായത്തിൽനിന്നു 17 വർഷം മുന്പു ജനകീയാസൂത്രണ പദ്ധതി വഴി ലഭിച്ച 450 സ്ക്വയർഫീറ്റ് വീടുമാണ് സുരേഷിന്റെ ആകെയുള്ള സ്വത്ത്.
ശ്വാസകോശ സംബന്ധമായ അസുഖമുള്ളതിനാൽ കഴിഞ്ഞ നാല് വർഷമായി സുരേഷ് ജോലിക്കു പോകുന്നില്ല. ഭാര്യ കൂലിപ്പണിക്കു പോയിക്കിട്ടുന്ന പണം ഉപയോഗിച്ചാണ് മരുന്നുവാങ്ങുന്നതും കുടുംബം കഴിയുന്നതും.
നാല് മാസം മുന്പു നൽകിയ പെൻഷൻ അപേക്ഷ അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ കൃത്യമായ വിവരങ്ങൾ തിരക്കാതെ മകൾ വിദേശത്താണെന്ന കാരണംകാട്ടി നിരസിച്ചു. തുടർന്നു രണ്ട് മാസം മുൻപു കൂടിയ ഭരണസമിതിയോഗത്തിൽ വാർഡ് അംഗം വിഷയം അവതരിപ്പിച്ചെങ്കിലും കരുമാല്ലൂർ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അപ്പീൽ കമ്മിറ്റി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.