വ്യാജരേഖ ചമച്ച് ‘ഇന്ത്യാക്കാരനായി'; ബംഗ്ലാദേശി യുവാവ് അങ്കമാലിയിൽ പിടിയിൽ
1497136
Tuesday, January 21, 2025 7:14 AM IST
അങ്കമാലി: വ്യാജരേഖ ചമച്ച് 'ഇന്ത്യാക്കാരനായ' ബംഗ്ലാദേശി യുവാവ് അങ്കമാലിയിൽ പോലീസ് പിടിയിൽ. ബംഗ്ലാദേശ് ജെസോർ സ്വദേശി ഹൊസൈൻ ബെലോർ (29) ആണ് പോലീസിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അങ്കമാലിയിലെ താമസസ്ഥലത്ത് നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇയാളിൽനിന്ന് കാലാവധി കഴിഞ്ഞ ബംഗ്ലാദേശ് പാസ്പോർട്ടും കണ്ടെടുത്തിട്ടുണ്ട്. മൂന്നു മാസം മുമ്പാണ് യുവാവ് അങ്കമാലിയിലെത്തിയത്. ബംഗ്ലാദേശ്-ഇന്ത്യാ അതിർത്തിയിലൂടെ ഇയാൾ ഷാലിമാറിലെത്തി. അവിടെ കുറച്ചുനാൾ താമസിച്ചു. തുടർന്ന് തീവണ്ടി മാർഗം ആലുവയിലിറങ്ങി അങ്കമാലിയിൽ എത്തുകയായിരുന്നു. ഇവിടെ കോൺക്രീറ്റ് പണി ചെയ്തുവരികയായിരുന്നു.
നേരത്തെ രണ്ടു പ്രാവശ്യം ഇയാൾ ഇന്ത്യയിലെത്തിയിട്ടുണ്ട്. ആ സമയം 5000 രൂപ ഒരു ഏജന്റിന് നൽകി ഇയാളുടെ പേരിൽ രണ്ട് ആധാർ കാർഡ് എടുത്തിരുന്നു. ഇത് ഉപയോഗിച്ചാണ് ഇന്ത്യക്കാരനെന്ന പേരിൽ കഴിഞ്ഞിരുന്നത്.
ഇയാൾക്ക് ഇവിടെ സഹായം ചെയ്തു കൊടുത്തവർ നിരീക്ഷണത്തിലാണ്. ഇന്ത്യൻ രേഖകൾ തയാറാക്കി നൽകിയവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇയാളുടെ കൈവശമുണ്ടായിരുന്ന രേഖകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തും. കഴിഞ്ഞയാഴ്ച പെരുമ്പാവൂരിൽ ബംഗ്ലാദേശി യുവതിയായ തസ്ലീമ ബീഗത്തെ പെരുമ്പാവൂർ ബംഗാൾ കോളനിയിൽനിന്ന് ആൺ സുഹൃത്തിനൊപ്പം പോലീസ് പിടികൂടിയിരുന്നു. ഇവർ അതിർത്തി കടന്ന് ഇന്ത്യയിലെത്തുകയും വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് ബംഗലൂരുവിലെത്തുകയും ചെയ്തു. അവിടെ നിന്നാണ് കേരളത്തിലെത്തിയത്.
യുവതിയിൽനിന്ന് വ്യാജ ആധാർ - പാൻ കാർഡുകൾ കണ്ടെടുത്തു. ഇതും പണം വാങ്ങി ഏജന്റ് ശരിയാക്കി നൽകിയതെന്നാണ് യുവതി പറഞ്ഞത്. ഇവരെ എസ്പി നേരിട്ട് ചോദ്യം ചെയ്തിരുന്നു. അതിന്റെ തുടരന്വേഷണമാണ് ബംഗ്ലാദേശി യുവാവിലേക്കെത്തിയത്. അങ്കമാലി എസ്എച്ച്ഒ ആർ.വി. അരുൺ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. പരിശോധന വ്യാപകമാക്കിയതായി പോലീസ് പറഞ്ഞു.