കൂനമ്മാവിൽ പാചക തൊഴിലാളിയെ തടഞ്ഞുനിർത്തി പണം തട്ടാൻ ശ്രമിച്ചശേഷം തലയ്ക്കടിച്ചു
1497126
Tuesday, January 21, 2025 7:13 AM IST
വരാപ്പുഴ: കൂനമ്മാവിൽ പാചകം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പാചക തൊഴിലാളിയെ തടഞ്ഞു നിർത്തി പണം തട്ടാൻ ശ്രമിച്ചശേഷം തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു. കൂനമ്മാവ് പള്ളിക്കടവ് റോഡിൽ ഞായറഴ്ച രാത്രി പത്തരയോടെയാണ് മാളിയേക്കൽ വീട്ടിൽ അശോകനെ (70) തടഞ്ഞു നിർത്തി തലയ്ക്കടിച്ചത്. ബൈക്കിൽ എത്തിയ മൂന്നു അംഗം സംഘം റോഡിൽ തടഞ്ഞു നിർത്തി പരിശോധന നടത്തിയ ശേഷം തലയ്ക് അടിക്കുകയായിരുന്നു.
ബോധമില്ലാതെ റോഡിൽ കിടന്ന അശോകനെ നാട്ടുകാർ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തലയിൽ മുറിവേറ്റുവെങ്കിലും ഗുരുതരമല്ല. പോലീസിൽ നൽകിയ പരാതിയെതുടർന്ന് സമീപത്തെ സിസിടിവി കാമറകൾ പോലീസ് പരിശോധിച്ചുവെങ്കിലും ആക്രമികളെ കണ്ടെത്താൻ കഴിഞ്ഞില്ല. കൂനമ്മാവ് പാരിഷ് ഹാളിൽ പാചകത്തിനുശേഷം വീട്ടിൽ കുളിക്കാൻ പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്.
വരാപ്പുഴ പോലീസിൽ നൽകിയ പരാതിയെതുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ഭാഗത്തു മയക്കുമരുന്ന് മാഫിയുടെ ശല്യം രൂക്ഷമായിരുന്നു. കഴിഞ്ഞ ദിവസം ചെമ്മായം ഭാഗത്ത് ഒരു വീട്ടിൽ മോഷണശ്രമം നടന്നിരുന്നു. ഇന്നലെ കാവിൽനടയിൽ മുണ്ടൻച്ചേരി അഗസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഗേറ്റിന്റെ പൂട്ട് തല്ലിത്തകർത്തു ഗേറ്റ് തുറന്ന് കടക്കുന്നതായി കണ്ടെത്തിയിരുന്നു. പലയിടത്തും അടിക്കടി നടക്കുന്ന ആക്രമണവും റോഡരികിൽ ലഹരിസംഘങ്ങൾ കൂട്ടമായി നിൽക്കുന്നതും മൂലം ജനങ്ങൾ ഭീതിയിലാണ്.