ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
1497139
Tuesday, January 21, 2025 7:14 AM IST
കൂത്താട്ടുകുളം : കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കുന്നതിന്റെ ഭാഗമായുണ്ടായ സിപിഎം-യുഡിഎഫ് സംഘര്‍ഷത്തിനിടെ സിപിഎം കൗണ്‍സിർ കലാ രാജുവിനെ മര്‍ദിച്ച നാല് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു.
സിപിഎം ചെള്ളയ്ക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി.മോഹന്‍ (40), സിഐടിയു ചുമട്ടു തൊഴിലാളികളായ കൂത്താട്ടുകുളം വള്ളിയാങ്കമലയില് സജിത്ത് ഏബ്രഹാം (40), കിഴകൊമ്പ് തൂക്കുപറമ്പില്‍ റിന്‍സ് വര്‍ഗീസ് (42), സിഐടിയു ടിമ്പര്‍ തൊഴിലാളി ഇലഞ്ഞി വെള്ളാനില് ടോണി ബേബി (34) എന്നിവരെയാണ് കുത്താട്ടുകുളം പോലീസ് അറസ്റ്റു ചെയ്തത്.
കലാ രാജുവിനെ മര്‍ദിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. അരുണ്‍ വി.മോഹനെ കൂത്താട്ടുകുളം സ്വകാര്യ ബസ് സ്റ്റാൻഡില്‍ നിന്നും മറ്റു മൂന്നു പേരെ കൂത്താട്ടുകുളം ടൗണ്‍ പാലത്തിന് സമീപത്തു നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ രാത്രി വൈകിയും ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റ കലാ രാജു ഉൾപ്പെടെയുള്ള നാല് കൗണ്‍സിലര്‍മാരെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തും.
പരിക്കേറ്റ് എറണാകുളം രാജീവ്ഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൗണ്‍സിലര്‍ കലാ രാജു, കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നഗരസഭാ ചെയര്‍പേഴ്സണ്‍ വിജയ ശിവന്, മറ്റ് കൗണ്‍സിലര്‍മാരായ സുമ വിശ്വംഭരന്, അംബിക രാജേന്ദ്രന് എന്നിവരെയാണ് കോലഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കുക.
മൂവാറ്റുപുഴ ഡിവൈഎസ്പിയെ അന്വേഷണ ചുമതലയിൽനിന്ന് മാറ്റി
ആലുവ: കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂവാറ്റുപുഴ ഡിവൈഎസ്പിയായ പി.എം. ബൈജുവിനെ അന്വേഷണ ചുമതലയിൽനിന്ന് മാറ്റി. ആലുവ ഡിവൈഎസ്പിക്കാണ് പകരം ചുമതല. പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന പരാതികളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് എറണാകുളം ജില്ലാ റൂറല്‍ എസ്പി വൈഭവ് സക്സേന ഡിവൈഎസ്പിക്കെതിരെ നടപടിയെടുത്തത്.
അഡീഷണല്‍ എസ്പി, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്നിവര്‍ക്കാണ് പോലീസിനെതിരെയുള്ള പരാതിയിൽ അന്വേഷണച്ചുമതല. കലാ രാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക.