എറണാകുളം ശിവക്ഷേത്ര ഉത്സവം: ആന എഴുന്നള്ളിപ്പില്‍ മാനദണ്ഡം പാലിക്കണമെന്ന് കളക്ടര്‍
1497134
Tuesday, January 21, 2025 7:13 AM IST
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളിപ്പില്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള ചട്ടങ്ങളും മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണമെന്ന് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. സുരക്ഷയുടെ ഭാഗമായി എഴുന്നള്ളിപ്പ് സമയത്ത് ആനകള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കണം.
ആനകളില്‍ നിന്നും നിശ്ചിതദൂരം പാലിച്ച് ആളുകള്‍ നില്ക്കുന്നതും സഞ്ചരിക്കുന്നതും ഉറപ്പാക്കണം. പറയെടുപ്പിനുള്ള വഴിയില്‍ അപകടകരമായ മരച്ചില്ലകള്‍ മുറിച്ചു നീക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
ഉത്സവാഘോഷത്തില്‍ ഹരിതചട്ടപാലനം കര്‍ശനമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ പത്മജ എസ്. മേനോന്, കൊച്ചി ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മിഷണര്‍ എം.ജി. യാഹുല്‍ ദാസ്, ദേവസ്വം ഓഫീസര്‍ അഖില്‍ ദാമോദരന്‍, ആര്. രാമകൃഷ്ണന്, ജി. ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഫെബ്രുവരി രണ്ടു മുതല്‍ ഒന്‍പതു വരെയാണ് ഉത്സവം.