സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കലാ രാജു
1497138
Tuesday, January 21, 2025 7:14 AM IST
കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ നാടകീയ സംഭവങ്ങളിൽ സിപിഎമ്മിനു നേരെ രൂക്ഷ വിമർശനവുമായി കൗൺസിലർ കലാ രാജു. ജനക്കൂട്ടത്തിനിടയിൽ നിന്ന് തന്റെ മുടിക്കുത്തില്‍ പൊക്കിപിടിച്ച് വലിച്ച് കഴുത്തില്‍ കുത്തിപ്പിടിച്ചതും അവളെ വണ്ടിയിലേക്കെറിയടാ എന്ന് പറയുന്നതും വൈസ് ചെയര്മാന് സണ്ണി കുര്യാക്കോസാണെന്നും കലാ രാജു പറഞ്ഞു.
താൻ ഒരു പാര്‍ട്ടിയില്‍ നിന്നും പണം വാങ്ങിയിട്ടില്ല. കോണ്‍ഗ്രസ് പണം നല്കിയിട്ടുണ്ടെങ്കില് അതിന്റെ തെളിവ് കാണിക്കട്ടെ. തന്നെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന സിപിഎം വാദം തെറ്റാണ്.
ജീവിതകാലം മുഴുവന്‍ പാര്‍ട്ടിയോടൊപ്പം ചെലവഴിച്ച എനിക്ക് കിട്ടിയ സമ്മാനമാണിത്. ഇനി പാർട്ടിയുമായി ഇനി സംസാരിക്കാനില്ല. പൊതുജനം കഴുതയല്ലെന്ന് മനസിലാക്കണം.
ഇതുവരെ അധ്വാനിച്ചാണ് ജീവിച്ചത്. ആരുടെയും ഔദാര്യം നേടിയിട്ടില്ല. പാര്‍ട്ടിയുമായി എന്തിന് സംസാരിക്കണം? അവര്‍ക്ക് അവസരം കൊടുത്തിട്ടുപോലും സംസാരിക്കാന്‍ തയ്യാറാകാതെ അവഹേളിക്കുകയാണ് ചെയ്തത്. അവരോട് ഒന്നും സംസാരിക്കാനില്ലെന്നും കലാ രാജു കൂട്ടിച്ചേര്‍ത്തു.
മക്കളെ യുഡിഎഫ് ബന്ദികളാക്കിയെന്ന ആരോപണവും തെറ്റാണ്. സ്വതന്ത്രമായിട്ടാണ് അവര്‍ പോലീസ് സ്റ്റേഷനിലെത്തി അവരുടെ അമ്മയെ കാണാനില്ലെന്ന് പരാതി കൊടുക്കുന്നത്. എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുക്കാനിരിക്കെ, യുഡിഎഫിന്റെ 11 കൗണ്‍സിലര്‍മാരും ഒരു സ്വതന്ത്രനും സിപിഐഎമ്മിന്റെ കൗണ്‍സിലര്‍ കല രാജുവും കൂടി നഗരസഭയ്ക്ക് മുന്നില്‍ വന്നിറങ്ങുമ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ.
പോലീസിന്റെ സാന്നിധ്യത്തില്‍ യുഡിഎഫിന്റെ വനിതാ കൗണ്‍സിലര്‍മാരെയടക്കം ആക്രമിക്കുകയും ചെയര്‍പേഴ്സന്റെ വാഹനത്തില്‍ സിപിഎം കൗണ്‍സിലര്‍ കല രാജുവിനെ കടത്തിക്കൊണ്ടു പോവുകയുമായിരുന്നു. തങ്ങളുടെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് പോലീസില്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും തങ്ങള്‍ക്ക് നേരെ അക്രമം ഉണ്ടായപ്പോള്‍ പോലീസ് നോക്കി നില്‍ക്കുകയായിരുന്നെന്നാണ് യുഡിഎഫിന്റെ ആരോപണം.